ഉയരങ്ങളിൽ പൊന്ന്; വീണ്ടും റെക്കോർഡ് ബേധിച്ച് സ്വർണവില കുതിക്കുന്നു
തിരുവനന്തപുരം: സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് സ്വർണ വില സർവ്വകാല റെക്കോഡിലെത്തി. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന് 63,840 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 35 രൂപ വർധിച്ച് 7,980 രൂപയുമായി.
ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. സ്വർണ വില അനുദിനം കുതിച്ചുയർന്നതോടെ പ്രതിസന്ധിയിലായത് വിവാഹ പാർട്ടിക്കാരാണ്. കേരളത്തിൽ മെയ് അവസാനം വരെ വിവാഹ സീസണായതിനാൽ ആഭരണത്തിനും ഡിമാൻഡുണ്ട്. സ്വർണ വിലയിൽ ഇനിയൊരു താഴ്ച ഉണ്ടാകില്ലേയെന്ന ആശങ്കയിലാണ് സാധരണക്കാർ.

ആഗോള വിപണിയിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 2,886 ഡോളറാണ് ട്രോയ് ഔൺസ് സ്വർണത്തിന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 85,384 രൂപയായി. ട്രംപിന്റെ താരിഫ് ഭീഷണിതന്നെയാണ് കുതിപ്പിന് പിന്നിൽ. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും, സ്വർണം സുരക്ഷിത നിക്ഷേപമായി കരുതപ്പെടുന്നതും, പണപ്പെരുപ്പത്തിനെതിരെ സംരക്ഷണം നൽകുന്നതുമെല്ലാം കാരണം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുമ്പോൾ ഇന്ത്യയിലും നിരക്ക് വർധിക്കുന്നു.