സ്വർണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില വീണ്ടും താഴേക്ക്


തിരുവനന്തപുരം: സ്വർണ പ്രേമികൾക്ക് ആശ്വാസവാർത്ത. സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7220 രൂപയും പവന് 57,760 രൂപയിലുമാണ് വ്യാപാരം.

വ്യാഴാഴ്ച 1320 രൂപയുടെ കനത്ത ഇടിവാണ് സ്വർണവിലയിലുണ്ടായത്. വെള്ളിയാഴ്ച പവന് 680 രൂപ വർധിച്ചു. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ സ്വർണവില, ഞായറാഴ്ച മാറ്റമില്ലാതെ തുടർന്നു. ഇന്നലെ 58,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

സ്വർണവില ഈ വർഷം അവസാനത്തോടെ പുതിയ റെക്കോർഡിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബറോടെ സ്വർണം ഗ്രാമിന് 7550 മുതൽ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ ഈ വർഷം 29 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം സ്വർണത്തിന് 20 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഡിസംബറോടെ സ്വർണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജൻസിയായ ഫിച്ച് സൊല്യൂഷൻ വിലയിരുത്തുന്നത്.