ഡാ മോനേ! റെക്കോഡ് തിരുത്തിക്കുറിച്ച് സ്വർണം; ഇന്നും സ്വർണ വിലയിൽ വൻ വർധനവ്


തിരുവനന്തപുരം: പുതിയ റെക്കോഡ് കുറിച്ച് സ്വർണ വില റോക്കറ്റ് പോലെ കതിക്കുന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണ വില 960 രൂപ കൂടി. ഇതോടെ ഒരു പവന്റെ വില 61,840 രൂപയിലെത്തി. സർവ്വകാല റെക്കോഡാണിത്.

ഗ്രാമിന്റെ വില 120 രൂപ കൂടി 7730 രൂപയുമായി. അടുത്ത കാലത്ത് ഇത് ആദ്യമായാണ് ഒരൊറ്റ ദിവസം കൊണ്ട് ഇത്രയും വില വർധനവുണ്ടാകുന്നത്. ഇന്നലെ ഒരു പവന് 60,800 രൂപയും ഗ്രാമിന് 7,610 രൂപയുമായിരുന്നു. വെള്ളിക്കും നേരിയ വില വർധനവുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി വില 101 രൂപയിലെത്തി.

ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 2,799.2 ഡോളറിലെത്തുകയും ചെയ്തു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടെ കൂടുതൽ റിസ്‌ക് ഉള്ള ആസ്തികളിൽനിന്ന് നിക്ഷേപകർ പിന്മാറുന്നതാണ് സ്വർണത്തിന്റെ കുതിപ്പിന് പിന്നിൽ. പ്രതിരോധ ആസ്തിയെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടാനതിടയാക്കി.