പാലയിൽ വെച്ചു നടന്ന സംസ്ഥാനതല മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലെ ലോങ്ങ് ജംബി ലും ഹൈ ജംബി ലും സ്വർണ്ണമെഡൽ; അപ്രതീക്ഷിതമായി മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചതിന്റെ സന്തോഷത്തിൽ കൽപ്പത്തൂരിലെ പത്മനാഭൻ നായർ
നൊച്ചാട്: മാസ്റ്റേഴ്സ് സ്പോർട്സ് അത്‌ലറ്റിക് മീറ്റിൽ സംസ്ഥാന തലത്തിൽ ഹൈ ജംബിലും ലോങ്ങ് ജംബിലും സ്വർണ്ണ മെഡൽ നേടിയിരിക്കുകയാണ് നൊച്ചാട് പഞ്ചായത്തിലെ കൽപ്പത്തൂരിലെ പത്മനാഭൻ നായർ.
കുട്ടിക്കാലം മുതൽ സ്പോർട്സിനോട് അത്രമേൽ ഇഷ്ടവും താല്പര്യവുമായിരുന്നു പത്മനാഭൻ നായർക്ക് . തന്റെ ചെറുപ്പകാലത്തൊന്നും സ്കൂളിൽ കായികമേള ഇല്ലായിരുന്നു എന്ന് വളരെ നിരാശയോടെ അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായി പത്രവായനയ്ക്കിടെ കണ്ട ഒരു വാർത്തയിലൂടെയാണ് മാസ്റ്റേഴ്സ് സ്പോർട്സ് അത്‌ലറ്റിക് മീറ്റിന്റെ ജില്ലാ മത്സരം കോഴിക്കോട് നടക്കുന്ന വിവരം അറിഞ്ഞത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് സംഘാടകരെ വിളിച്ചു. അങ്ങനെ കോഴിക്കോട് വച്ച് നടന്ന ജില്ലാ മത്സരത്തിൽ ഹൈ ജംബിലും ലോങ്ങ് ജംബിലും 100 മീറ്റർ ഓട്ടത്തിലും വിജയിയായി.
പാലയിൽ ആയിരുന്നു സംസ്ഥാനതല മത്സരം. ഓടിയെത്താൻ കഴിഞ്ഞില്ലെങ്കിലും ഹൈ ജംബിലും ലോങ്ങ് ജംബിലും ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.
കായിക മത്സരങ്ങളോട് നല്ല താല്പര്യമായതിനാൽ നാട്ടിൽ ക്ലബ്ബിന്റെ പരിപാടി ഒക്കെ വരുമ്പോൾ എല്ലാ മത്സരത്തിനും പങ്കെടുത്ത് സമ്മാനം നേടാറുണ്ടെന്ന് പത്മനാഭൻ നായർ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
കൽപ്പത്തൂർ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഈ കായിക താരത്തിന് സ്വീകരണം ഒരുക്കിയിരിക്കുകയാണ് നാട്ടുകാർ. വീട്ടിൽ പത്മനാഭന്റെ കായിക താല്പര്യത്തിന് പൂർണ്ണ പിന്തുണയുമായി ഒപ്പമുള്ളത് ഭാര്യ ദേവിയും പോലീസ് ഉദ്യോഗസ്ഥനായ മകനും മകളുമാണ്.