ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ്; ഇടപാടുകാർ ആശങ്കയിൽ, പണയ സ്വർണം പരിശോധിക്കാനും തിരിച്ചെടുക്കാനും ആളുകൾ ബാങ്കിൽ എത്തിതുടങ്ങി


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ മുൻ മാനേജർ നടത്തിയ സ്വർണപ്പണയ തട്ടിപ്പ് പുറത്തായതിനെ തുടർന്ന് ഇടപാടുകാർ ആശങ്കയിൽ. പണയ സ്വർണം പരിശോധിക്കാനും തിരിച്ചെടുക്കാനും ആളുകൾ ബാങ്കിൽ എത്തിതുടങ്ങി. ഇന്നലെയാണ് സ്വർണതട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് ഉച്ചയോടെ ഇടപാടുകാർ കൂടുതലായി ബാങ്കിലേക്ക് എത്തിതുടങ്ങി. സാധാരണക്കാരാണ് എത്തുന്നവരിൽ ഭൂരിഭാ​ഗം പേരും.

അതേസമയം ഇടപാടുകാരിൽ ആരും ഇതുവരെ തങ്ങളുടെ സ്വർണം നഷ്ടപ്പെട്ടതായുള്ള പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. 47 ഓളം ഇടപാടുകളിലായുള്ള പണയ സ്വർണമാണ് നഷ്ടപ്പെട്ടത്. 26 കിലോഗ്രാം പണയ സ്വർണമാണ് മുൻ മാനേജർ മധു ജയകുമാർ തട്ടിയെടുത്തത്. ഈ സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് ബാങ്കിന് 17,20,35,717 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

25 കിലോയിലധികം സ്വർണം പണയം വച്ചത് വൻ ശൃംഖലയിൽപ്പെട്ടവർ ആണോ എന്ന രീതിയിലും അന്വേഷണം നടക്കുന്നുണ്ട്. വിവിധ ആളുകളുടെ പേരിൽ സ്വർണം പണയം വയ്ക്കാൻ ഇത്തരം സംഘങ്ങൾക്ക് മുൻ മാനേജർ സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടാകുമെന്ന സംശയവും പോലിസിനുണ്ട്.