അമ്പോ! ഇതെന്തൊരു പോക്ക്; റെക്കോർഡ് തകർത്ത് സ്വർണം, ഒരു പവന് എഴുപതിനായിരത്തിന് തൊട്ടരികിൽ
തിരുവനന്തപുരം: പിടിച്ചുകെട്ടാനാവാതെ തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില കുതിക്കുന്നു. ചരിത്രത്തിലാധ്യമായി സ്വർണ വില പവന് 69000 കടന്നു. പവന് 1,480 രൂപ വർധിച്ച് 69,960 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 185 രൂപ വർധിച്ച് 8,745 രൂപയിലെത്തി.
ആദ്യമായാണ് ഗ്രാമിൻറെ വില 8,700 രൂപ കടക്കുന്നത്. ഇന്നലെ സ്വർണ വില ഒറ്റദിവസം കൊണ്ട് 2160 രൂപ വർധിച്ചിരുന്നു. 68,480രൂപയിലായിരുന്നു വ്യാപാരം നടന്നത്.യുഎസ് പ്രസിഡൻറായി ഡോണൾഡ‍് ട്രംപ് ചുമതലയേറ്റ ശേഷമുള്ള നയങ്ങളെ തുടർന്ന് ഈ വർഷം മാത്രം സ്വർണ വിലയിൽ 21 ശതമാനത്തിൻറെ വർധനവാണ് ഉണ്ടായത്.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.