പട്ടാപ്പകല്‍ ഏഴാം ക്ലാസുകാരിക്ക് ക്രൂര മര്‍ദ്ദനം, വാനിലെത്തിയ സംഘം സൈക്കിള്‍ ഇടിച്ചിട്ടു, മുടി മുറിച്ചു; സംഭവം ചാലക്കുടിയില്‍
തൃശൂര്‍: ചാലക്കുടിയില്‍ പട്ടാപ്പകല്‍ ഏഴാം ക്ലാസുകാരിക്ക് ക്രൂര മര്‍ദ്ദനം. സൈക്കിളില്‍ യാത്ര ചെയ്യവെയാണ് അക്രമി സംഘം കുട്ടിയെ മര്‍ദ്ദിച്ചത്. കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാന്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.
വാനിലെത്തിയ അക്രമി സംഘം സൈക്കിള്‍ ഇടിച്ചിട്ടു. തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ശേഷം അക്രമികള്‍ കുട്ടിയുടെ മുടി മുറിച്ച് റോഡിലിട്ടു. ഇതിന് ശേഷം അക്രമികള്‍ ഉടന്‍ തന്നെ വാനില്‍ രക്ഷപ്പെട്ടു.
പെണ്‍കുട്ടിയുടെ വീടിന് അടുത്ത് തന്നെയായിരുന്നു സംഭവം. അക്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയായി വീണു. പിന്നീട് ബോധം വന്നപ്പോള്‍ ശബ്ദമുണ്ടാക്കിയതോടെയാണ് വീട്ടുകാര്‍ ഓടിയെത്തുന്നത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരാണ് മര്‍ദ്ദിച്ചതെന്നോ മര്‍ദ്ദനത്തിന്റെ കാരണമെന്നോ ഇതുവരെ വ്യക്തമല്ല.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞു കഴിയുന്നവരാണ്. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി താമസിക്കുന്നത്.