വിനോദ സഞ്ചാരികൾക്കായി ഒരുങ്ങുന്നു; ചെരണ്ടത്തൂർ ചിറ ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിച്ചു
മണിയൂർ: കോഴിക്കോട് ജില്ലയിലെ നെല്ലറയായ ചരണ്ടത്തൂർ ചിറയിൽ മണിയൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ചെരണ്ടത്തൂർ ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് പദ്ധതിക്ക് സൗജന്യമായി ഭൂമി വിട്ടു നൽകിയ കെ.സി. അബ്ദുൽ കരിം, സുനിൽകുമാർ തുഷാര, വിനോദ് ശ്രീമംഗലം എന്നിവരെ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ ആദരിച്ചു.
വാർഡ് മെമ്പർ ഷൈന കരിയാട്ടിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി റീന, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പുല്ലരൂൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ജയപ്രഭ, പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശരിധരൻ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശശിധരൻ വാർഡ് മെമ്പർ പി.എം അഷറഫ്, സി.പി വിശ്വനാഥൻ മാസ്റ്റർ, ആർ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. പി.ഷിരാജ് നന്ദി പറഞ്ഞു.
കുറ്റ്യാടി പുഴയുടെ ഓരത്തായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിക്കും നെൽകൃഷിക്കും ദോഷം ചെയ്യാത്ത രീതിയിൽ ഇക്കോ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
ചെരണ്ടത്തൂർ ചിറയിലെ പ്രധാന നടുത്തോടിലെ വരമ്പുകൾ കയർ ഭൂവ വസ്ത്രം ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കുക, നടുതോട്ടിലൂടെ യാത്രക്കായി പെഡൽ ബോട്ടുകൾ, അലങ്കാരവിളക്കുകൾ, സെൽഫി പോയിന്റ്, ഏറുമാടം, വിനോദസഞ്ചാരികൾക്ക് ആവശ്യമായ ഹട്ടുകൾ എന്നിവയാണ് ഒരുക്കുക.

പദ്ധതിക്കായി ജില്ലാ പഞ്ചായത്തിൻ്റെ 50 ലക്ഷം, എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം, പഞ്ചായത്ത് വിഹിതമായ 25 ലക്ഷം ഉൾപ്പടെ ഒരു കോടി രൂപക്കാണ് പദ്ധതി യാഥാർത്ഥ്യമാക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് കരാർ.
Summary: Getting ready for tourists; Work on Cherandathoor Chira Farm Tourism Project begins