‘പാമ്പ് വിഴുങ്ങിയ കോഴിക്ക് ഒരു രൂപയെങ്കിലും നഷ്ടപരിഹാരം കിട്ടിയേ തീരൂ; നാലുകോഴികൾക്ക് 2000രൂപ നഷ്ടപരിഹാരം നേടിയെടുത്ത് കാസര്‍കോട് സ്വദേശി ജോർജ്


കാസര്‍കോട്: പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം നേടിയെടുത്ത് വെള്ളരിക്കുണ്ട് സ്വദേശി കെ.വി ജോർജ് കടവന്‍. 2022ജൂണിലാണ് സംഭവം നടക്കുന്നത്. വീട്ടുമുറ്റത്ത് തന്നെയാണ് ജോര്‍ജിന്റെ കോഴിക്കൂട്. എന്നാല്‍ ഒരു ദിവസം കൂട്ടിലുള്ള കോഴികളുടെ എണ്ണത്തില്‍ കുറവ്. പിറ്റേ ദിവസം ആയപ്പോള്‍ വീണ്ടും കോഴിയുടെ എണ്ണം കുറഞ്ഞു. അങ്ങനെ ഓരോ ദിവസം കഴിയും തോറും കോഴികളുടെ എണ്ണം കുറഞ്ഞു വന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂട്ടില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. പിന്നാലെ വനംവകുപ്പില്‍ വിവരം അറിയിച്ചു. വനപാലകര്‍ വന്ന് പെരുമ്പാമ്പിനെ പിടിച്ച് വനത്തിലും വിട്ടു. കോഴികളെ നഷ്ടമായതോടെ വനംവകുപ്പ് അധികൃതര്‍ 10,000രൂപ നഷ്ടം കണക്കാക്കുകയും ചെയ്തു. മാത്രമല്ല അപേക്ഷിച്ചാല്‍ നഷ്ടപരിഹാര തുക നല്‍കുമെന്നും ഉറപ്പ് നല്‍കി.

അധികൃതരുടെ ഉറപ്പിന്മേല്‍ ജോര്‍ജ് പരാതിയും നല്‍കി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ദിവസങ്ങള്‍ കടന്നു പോയി. ജോര്‍ജിന്റെ പരാതി വനംവകുപ്പ് സെക്രട്ടറിയുടെ മുമ്പില്‍ വരെയെത്തി. എന്നിട്ടും നടപടിയായില്ല.

അങ്ങനെയിരിക്കെ 2023 ജൂണ്‍ ഒന്നിന് വെള്ളരിക്കുണ്ടില്‍ അന്ന് മന്ത്രിയായിരുന്ന ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ഒരു അദാലത്ത് നടന്നു. ജോര്‍ജ് പരാതിയുമായി അവിടെയെത്തി. പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴി എന്റേതാണ്, നഷ്ടപരിഹാരം കിട്ടിയേ തീരുവെന്ന് ജോർജ് അവിടെ വച്ച് അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് പരാതി പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് മന്ത്രി ഉറപ്പും നല്‍കി.

എന്നിട്ടും നടപടി നീണ്ടു. ഇതോടെ സംഭവം മനുഷ്യാവകാശ കമ്മീഷന്റെ മുമ്പിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ജോര്‍ജ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ജില്ലാ വനം ഓഫീസില്‍ നിന്നും തുക അനുവദിച്ച് അറിയിപ്പ് വന്നത്. നഷ്ടപ്പെട്ട നാലു കോഴിക്ക് 2000രൂപയാണ് ജോര്‍ജിന് നഷ്ടപരിഹാരമായി ലഭിച്ചത്. ഇത്രയെങ്കിലും കിട്ടിയതിന്റെ സന്തോഷത്തിലാണ് ജോര്‍ജ് ഇപ്പോള്‍.