മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ; കടമേരി എൽ.പി അംഗൻവാടിക്ക് ഹരിത സ്ഥാപന പദവി


ആയഞ്ചേരി: കേരളപ്പിറവി ദിനമായ നവമ്പർ 1 ന് പഞ്ചായത്തുകളിലെ അംഗൻവാടികൾ മാലിന്യ മുക്ത പദവി നേടിയെടുക്കണമെന്ന സർക്കാർ നിർദ്ദേശത്തിൻ്റെ ഭാഗമായ് ആയഞ്ചേരി പഞ്ചായത്ത് 12 -ാം വാർഡിലെ 71-ാം നമ്പർ കടമേരി എൽ.പി അംഗൻവാടി ഹരിത സ്ഥാപന പദവി നേടിയെടുത്തു.
മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയ രീതികൾ അവലംബിച്ചും, കുട്ടികളിൽ ശുചിത്വബോധമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുമാണ് ഹരിത പദവി നേടിയത്.

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം മുതൽ അംഗനവാടിയിൽ വിവിധ പരിപാടികൾ സംഘടിച്ചിച്ചിരുന്നു. അംഗൻവാടിയിലെ പൂന്തോട്ടത്തിൽ പനനീർ ചെടി നട്ടുകൊണ്ട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഹരിത സ്ഥാപന പദവി പ്രഖ്യാപനം നടത്തി. കുട്ടികളും, രക്ഷിതാക്കളും, ജീവനക്കാരും മാലിന്യ മുക്ത പ്രതിജ്ഞ എടുത്തു.

അംഗൻവാടി പ്രവേശനോത്സവത്തിൻ്റെ ഭാഗമായ് നവാഗതർക്ക് മധുരപലഹാരങ്ങളും, കളികോപ്പുകളും, പഠനോപകരണങ്ങളും വിതരണം നടത്തി. അംഗൻവാടി വർക്കർ സനില എൻ.കെ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എച്ച് മൊയ്തു മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധീഖ് കോറോത്ത്, ജെ.എച്ച്.ഐ ഇന്ദിര, ആശാവർക്കർ ചന്ദ്രി, ഷംന.കെ.കെ, അനഘ ബിജു, നിഷ.ഇ.കെ എന്നിവർ സംസാരിച്ചു.

Summary: Garbage Free New Kerala Campaign; Kadameri LP Anganwadi gets green institution status