കീഴ്പ്പയ്യൂർ പുറക്കാമലയിലെ ക്വാറി പ്രവർത്തനം ; തടയാൻ ശ്രമിച്ച സമര സമിതി പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണം, ആർജെഡി നേതാവ് ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പുറക്കാമലയിലെ ക്വാറി പ്രവർത്തിക്കുന്നിടത്തേക്ക് റോഡ് നിർമ്മിക്കുന്നത് തടയാൻ ശ്രമിച്ച സമര സമിതി പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ജനതാദൾ സംസ്ഥാന സെക്രട്ടറി കെ ലോഹ്യ, സിപിഎം കീഴ്‌പ്പയ്യൂർ ബ്രാഞ്ച് സെക്രട്ടറി എം എം പ്രജീഷ്, സമരസമിതി അംഗം കെ സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുറക്കാമല ക്വാറി പ്രവർത്തിക്കുന്നിടത്തേക്ക് മാത്രമായി വാഹനങ്ങൾ കടന്നുപോകുന്നതിനായി ഒരു സംഘം ജെസിബി ഉപയോഗിച്ച് റോഡ് നിർമ്മിക്കാൻ ശ്രമിച്ചു. എന്നാൽ പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ക്വാറി പ്രവർത്തനം പാടില്ലെന്നും റോഡ് നിർമ്മിക്കുന്നത് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പുറക്കാമല സംരക്ഷണ സമിതി പ്രവർത്തകർ എത്തി. തുടർന്ന് എട്ടംഗ ഗുണ്ടാ സംഘം തങ്ങളെ അക്രമിക്കുകയായിരുന്നെന്ന് കെ ലോഹ്യ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
പുറക്കാമല സംരക്ഷിക്കാൻ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ലോഹ്യ പറഞ്ഞു. മേപ്പയ്യൂർ പോലിസിൽ പരാതി നൽകി.