കൊയിലാണ്ടിയിലെ ധനസമാഹരണം തൃശൂര്‍ സ്വദേശിയുടെ പേരില്‍, പിരിച്ചെടുത്തത് ലക്ഷങ്ങള്‍, തനിക്ക് ലഭിച്ചത് 5,000 രൂപ മാത്രമാണ് യുവാവ്; കൊയിലാണ്ടിയിലെ ചാരിറ്റി തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രോഗിയും നിര്‍ധന കുടുംബത്തിലെ അംഗവുമായ തൃശൂരിലെ യുവാവിന്റെ പേരിലാണ് ഇവര്‍ പണം പിരിച്ചത്.

ആതിരപ്പിള്ളിയില്‍ നിന്നുള്ള തട്ടിപ്പ് സംഘമാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ സ്വദേശിയായ ഷിജു എന്ന യുവാവിന്റെ പേരിലാണ് ഇവര്‍ പണം പിരിച്ചത്. എന്നാല്‍ പിരിച്ച പണമൊന്നും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് യുവാവ് പറയുന്നത്.

ചാരിറ്റി സംഘത്തെ പലയിടത്തായി കണ്ട യുവതിയാണ് കൊയിലാണ്ടിയില്‍ ഇവരെ കണ്ടപ്പോള്‍ സംശയം തോന്നി നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ രോഗിയായ യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

താന്‍ രോഗിയാണെന്നും തന്റെ പേരിലാണ് പണം പിരിക്കുകയാണെന്നും സ്ഥിരീകരിച്ച യുവാവ് പക്ഷേ പിരിച്ച പണം മുഴുന്‍ തനിക്ക് ലഭിച്ചില്ല എന്നും പറഞ്ഞു. ഇതുവരെയായി തനിക്ക് ലഭിച്ചത് വെറും അയ്യായിരം രൂപ മാത്രമാണ്. എന്നാല്‍ സംഘം പലയിടത്തു നിന്നായി ലക്ഷങ്ങള്‍ പിരിച്ചെടുത്തിട്ടുണ്ട് എന്നും യുവാവ് പറഞ്ഞു. ഇതോടെയാണ് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചത്.


Related News: കൊയിലാണ്ടിയിലും ചാരിറ്റി തട്ടിപ്പ്; ജീവകാരുണ്യത്തിനെന്ന പേരില്‍ ബസ് സ്റ്റാന്റില്‍ പണം പിരിച്ച സംഘം പിടിയില്‍: വാർത്ത വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..


രാവിലെ മുതല്‍ സംഘം കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ വച്ച് പണപ്പിരിവ് നടത്തുന്നുണ്ടായിരുന്നു. രണ്ട് ഗായകരും മൂന്ന് വളണ്ടിയര്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. യുവാവിന്റെ ദയനീയാവസ്ഥ മൈക്കിലൂടെ വിളിച്ച് പറയുകയും പാട്ടുകള്‍ പാടിയുമാണ് ഇവര്‍ ബക്കറ്റ് പിരിവ് നടത്തിയത്.

ഉച്ചയോടെയാണ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന KL-64-G-6416 എന്ന നമ്പറിലുള്ള വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡുകളിലെ ചിത്രത്തിന് മുകളില്‍ മറ്റ് ചിത്രങ്ങള്‍ ഒട്ടിച്ച് വച്ച കാര്‍ഡുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

കൊയിലാണ്ടി പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ചാരിറ്റി തട്ടിപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കൊയിലാണ്ടി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.