വാണിമേല്‍ പാലം മുതൽ വിലങ്ങാട് പനോം വരെ ഇനിമുതല്‍ ‘സ്‌നേഹ ദീപം’ തെളിയും
വടകര: വാണിമേൽ ഗ്രാമപഞ്ചായത്തിന്റെ ‘ഗ്രാമദീപം’ തെരുവ് വിളക്ക് പദ്ധതി പുതുവർഷ ദിനത്തിൽ നാടിന് സമർപ്പിച്ചു. പ്രസിഡന്റ് പി.സുരയ്യ ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 ലക്ഷം രൂപ ചിലവഴിച്ചാണ് വാണിമേൽ പാലം മുതൽ വിലങ്ങാട് പനോം വരെ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം ആറ് മണിക്ക് വാണിമേല്‍ പാലത്തില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കാളികളായി. ആദ്യം കെ.എസ്.ഇ.ബിയുടെ നിയമനിർദ്ദേശങ്ങൾക്കനുസരിച്ച് വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി പദ്ധതി തുകയിൽ നിന്നും 1803111.00 രൂപ വകയിരുത്തി വാണിമേൽ പാലം മുതൽ വിലങ്ങാട് പാനോം വരെ സ്ട്രീറ്റ്‌ലൈൻ വലിച്ച് പൂർത്തീകരിച്ചു. തുടര്‍ന്ന് 2024/25 വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ വകയിരുത്തി കല്ലാച്ചി വിലങ്ങാട് റോഡിൽ വാണിമേൽ പാലം മുതൽ ഒരോ പോസ്റ്റ് ഇടവിട്ട രീതിയിൽ പാനോം വരെ സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കുകയായിരുന്നു.
പദ്ധതിയുടെ ഭാഗമായി വാർഡുകളിലും, സ്പോൺസർഷിപ്പ് മുഖേന വാണിമേൽ, വയൽപീടിക പാലങ്ങളുടെ ഇരു വശത്തെ കൈവരികളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് സൽമ രാജു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ, മെമ്പർമാരായ എം.കെ മജീദ്, റസാഖ് പറമ്പത്ത്, സി.കെ.ശിവറാം, വി.കെ മൂസ്സ മാസ്റ്റർ, റംഷിദ് ചേരനാണ്ടി, അനസ് നങ്ങാണ്ടി, അഷ്‌റഫ് കൊറ്റാല, ബ്ലോക്ക് മെമ്പർ സുഹറ തണ്ടാന്റവിട, സൂപ്പി മടോംപൊയിൽ, കെ.ടി.കെ.റാഷിദ്, മുഹമ്മദ് കണ്ടിയിൽ എന്നിവർ സംബന്ധിച്ചു.
Description: From Vanimel Bridge to Vilangad Panom, 'Sneha Deepam' will henceforth be lit