ജില്ലാ കമ്മിറ്റിയിൽ നിന്ന് പി.കെ. ദിവാകരനെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം; തിരുവള്ളൂരിലും മുടപ്പിലാവിലും പ്രതിഷേധ പ്രകടനം – വീഡിയോ
വടകര: വടകരയിൽ വെച്ചു നടന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ
കമ്മറ്റിയിൽ നിന്നും പി.കെ ദിവാകരനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇന്ന് തിരുവള്ളൂരിലും മുടപ്പിലാവിലുമാണ് സിപിഎമ്മിലെ ഒരു വിഭാഗം പ്രതിഷേധം നടത്തിയത്. മണിയൂര്‍ പഞ്ചായത്തിലെ സിപിഎമ്മിന്റെ കോട്ടയായ മുടപ്പിലാവില്‍ ഇരുപത്തിയഞ്ച് പേരിലധികം വരുന്നവരുടെ സംഘമാണ് പ്രകടനം നടത്തിയത്.
‘നേരുള്ളവനെ മുറിച്ചു മാറ്റുന്നു, കുടിപ്പക വെച്ചുപുലര്‍ത്താതെ’ എന്നിങ്ങനെ വിളിച്ചാണ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത്. തിങ്കളാഴ്ച രാത്രി സി.പി.ഐ.എം ശക്തി കേന്ദ്രമായ വടകരയിലെ മണിയൂരിലും പി.കെ ദിവാകരനെ അനുകൂലിച്ചുകൊണ്ട് പ്രകടനം നടന്നിരുന്നു. മണിയൂർ തുറശ്ശേരി മുക്കിലാണ് നാൽപ്പതോളം പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്.
അതേ സമയം പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് രാവിലെ ജില്ലാ സെക്രട്ടറി എം. മെഹബൂബിൻ്റെ സാന്നിധ്യത്തിൽ വടകര ഏരിയ കമ്മിറ്റി യോഗം ചേർന്നതായാണ് വിവരം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റി അംഗമായും സിപിഎം വടകര ഏരിയ സെക്രട്ടറിയായും തിളങ്ങിയ നേതാവാണ് പി.കെ.ദിവാകരൻ. പ്രായപരിധിയോ അച്ചടക്ക നടപടിയോ ഏതാണ് കാരണമെന്ന ചോദ്യമാണ് കഴിഞ്ഞ രണ്ടു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ അണികൾ ഉയർത്തുന്നത്.
Description: From the District Committee, P.K. Protests over Divakaran’s dismissal are strong