പ്രവാസിയുടെ ഭാര്യയുമായി സൗഹൃദം;ഭർത്താവിന്റെ ക്വട്ടേഷനിൽ മാത്തോട്ടം സ്വദേശിയായ വിദ്യാർത്ഥിയെ മർദിച്ച മൂന്നുപേരെ തന്ത്രപരമായി കുടുക്കി പോലീസ്


കോഴിക്കോട് : മാത്തോട്ടം സ്വദേശിയും, ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥിയുമായ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ക്വട്ടേഷനാണെന്ന് തെളിഞ്ഞതിനു പിന്നാലെയാണ് സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

പയ്യാനക്കൽ മുഫീദ മൻസിലിൽ ടി.വി ഷംസുദ്ദീൻ (31), ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീഖ് (34), പയ്യാനക്കൽ കീഴിൽ പറമ്പ് ഷഹദ് മൻസിലിൽ കെഫ്സീബ് (31) എന്നിവരാണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണ ഐ.പി.എസ്സിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ. ബൈജു ഐ.പി.എസിന്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് പോലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വിദേശത്തു ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുമായുള്ള യുവാവിനുള്ള സൗഹൃദമാണ് ക്വട്ടേഷന് കാരണമായത്. ആഴ്ചകളോളം സംഘം യുവാവിനെ നിരീക്ഷിച്ച് രീതികൾ മനസ്സിലാക്കിയ ശേഷമാണ് ആക്രമണം നടത്തിയത്.

ജനുവരി പതിനഞ്ചാം തീയതി പ്രതികൾ യുവാവിനെ പിന്തുടരുകയും വീട്ടിലേക്ക് കയറുന്നതിനിടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് സമീപത്തെ വീടുകളിൽ ലൈറ്റിട്ടപ്പോൾ പ്രതികൾ ഓടിപോവുകയായിരുന്നു.

തുടർന്ന് യുവാവിന്റെ പരാതിയിൽ ഫറോക്ക് അസി.കമ്മിഷന്‍ എ.എം. സിദ്ദിഖിന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഒളിവില്‍ പോവുകയും ചെയ്തു.

രഹസ്യമായി അന്വേഷണം ആരംഭിച്ച സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ഇവരുമായി ബന്ധപ്പെട്ട നിരവധി ആളുകളെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ നാട്ടിലുള്ളവരെ ബന്ധപ്പെടുകയോ ചെയ്യാതിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയര്‍ത്തി.

ഇവര്‍ ഒളിവില്‍ കഴിയുന്നത് ഉത്തരേന്ത്യയിലാണെന്ന് മനസിലായതോടെ അന്വേഷണ സംഘം ഉത്തരേന്ത്യയിലേക്ക് തിരിഞ്ഞു. ഉത്തരേന്ത്യന്‍ ബന്ധങ്ങളുപയോഗിച്ച്‌ ഗുജറാത്തിലെ അഹമ്മദാബാദ്, രാജസ്ഥാനിലെ അജ്മീര്‍ എന്നി സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. പ്രതികള്‍ കര്‍ണാടക ഭാഗത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം ഉഡുപ്പിയിലേക്ക് നീങ്ങുകയും പ്രതികളെ സബ് ഇന്‍സ്പെക്ടര്‍ ഒ. മോഹന്‍ദാസിനന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്ത് കോഴിക്കോട് എത്തിക്കുകയുമായിരുന്നു.

ഇവരെ വിശദമായ ചോദ്യം ചെയ്തതിൽ നിന്നും ക്വട്ടേഷന്‍ നല്‍കിയവരെ കുറിച്ചും ഇതില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്തവരെ കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ട്. പിടിയിലായ ഷംസുദ്ദീന്‍ കസബ ഗോള്‍ഡ് കവര്‍ച്ച കേസിലെ പ്രതിയാണ്.

സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ഒ.മോഹന്‍ദാസ്, സീനിയര്‍ സി.പി.ഒ മാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സി.പി.ഒ മാരായ സുമേഷ് ആറോളി, അര്‍ജ്ജുന്‍ എ.കെ, മാറാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍ കെ.വി, എ.എസ്.ഐ സജിത്ത് കുമാര്‍ വി.വി, സീനീയര്‍ സി.പി.ഒ മാമുക്കോയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.