നാട്ടുകാരുടെ പ്രിയപ്പെട്ടവന്‍, സജീവ പൊതുപ്രവര്‍ത്തകന്‍; കടിയങ്ങാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ അഭിലാഷിന്റെ വിയോഗം താങ്ങാനാവാതെ നാട്
കടിയങ്ങാട്: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, രാഷ്ട്രീയത്തിനുമപ്പുറം നാട്ടുകാരുടെ ഏതൊരാവശ്യത്തിനും മുമ്പില്‍ നില്‍ക്കുന്നയാള്‍, ചെമ്പനോടയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍പ്പെട്ട് മരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കടിയങ്ങാട് ഏലംതോട്ടത്തില്‍ കേരിമഠത്തില്‍ അഭിലാഷിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം.
സ്‌ക്കൂള്‍ കാലം മുതല്‍ക്കു തന്നെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു അഭിലാഷ്. അതുകൊണ്ടുതന്നെ പഞ്ചായത്ത് ഇലക്ഷനിലും, മറ്റും വോട്ട് തേടി മുമ്പില്‍ അഭിലാഷ് ഉണ്ടാവും. രാഷ്ട്രീയത്തിനപ്പുറം നാട്ടുകാരുടെ പ്രിയപ്പെട്ടവന്‍ കൂടിയാണ് അഭിലാഷ്. കല്യാണമായാലും മരണമായാലും അഭിലാഷ് എല്ലായിടത്തും ഓടിയെത്തും
”എന്തു പ്രശ്‌നത്തിലും മുമ്പില്‍ നില്‍ക്കുന്ന അഭിലാഷിന്റെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍” തനിക്ക് സാധിച്ചിട്ടില്ലെന്നാണ് സുഹൃത്ത് കേരിമഠത്തില്‍ സജീവന്‍ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. കടിയങ്ങാട് ഓട്ടോറിക്ഷ തൊഴിലാളി യൂണിറ്റ് കമ്മിറ്റി അംഗം കൂടിയാണ്. അഭിലാഷ്.
വ്യാഴാഴ്ച രാവിലെ ചെമ്പനോട അങ്ങാടിയില്‍ ഓട്ടം പോവുന്നതിനിടെയായിരുന്നു അഭിലാഷ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പത്ത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
പരേതരായ ബാലന്‍ നായരുടെയും ശോഭയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: അശ്വന്ത്, അനുവിന്ത്, സഹോദരന്‍ രജിലേഷ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.