ദേശീയപാത നിര്‍മ്മാണം നടക്കുന്നിടങ്ങളിലെ നിരന്തരമുള്ള മണ്ണിടിച്ചില്‍; ശാശ്വത പരിഹാരത്തിന് ശാസ്ത്രീയ നടപടി ഉണ്ടാകണം, പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് കെ.കെ രമ എംഎൽ.എ


വടകര: കാലവർഷം ശക്തിപ്പെട്ടതോടെ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ നിരന്തരം മണ്ണിടിയുന്ന വിഷയത്തിൽ ഇടപെട്ട് കെ.കെ രമ എംഎൽ.എ. കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിഞ്ഞ മീത്തലെ മുക്കാളി, പാലയാട്നട തുടങ്ങിയ സ്ഥലങ്ങളിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം എം.എൽ.എ സന്ദർശനം നടത്തി.

സന്ദർശനത്തിന് ശേഷം ആർ.ഡി.ഒ ഓഫിസിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തു. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവാതിരിക്കാനുള്ള തീരുമാനങ്ങൾ യോഗം എടുത്തു. അശാസ്ത്രീയ നിർമാണമാണ് മണ്ണിടിയാൻ കാരണമായത്. മണ്ണിടിഞ്ഞ സ്ഥലത്തിന് ഇരുവശവും അപകട നിലയിൽ കിടക്കുന്ന വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുത്ത് തട്ടുകളായി റീട്ടെയിൻ വാൾ നിർമ്മിക്കണമെന്ന് സർക്കാരിലേക്ക് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു.

ഭൂമി ഏറ്റെടുക്കുന്ന പ്രാഥമിക നടപടികൾ പൂർത്തീകരിക്കാൻ ലാൻ്റ് അക്വിസിഷൻ തഹസിൽദാരെ ചുമതലപ്പെടുത്തി. ഭാവിയിൽ ഇത്തരം ഗുരുതരമായ അനാസ്ഥ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും കമ്പനികൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതിനായുള്ള തീരുമാനമെടുക്കാൻ സർക്കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.

വെങ്ങളം മുതൽ അഴിയൂർ അണ്ടികമ്പനി വരെയുള്ള സ്ഥലത്തെ സർവീസ് റോഡും ഓവുചാലും ഉടൻ ഗതാഗത യോഗ്യമാക്കും. ഈ കാര്യങ്ങൾ നടത്തുന്നതിനുള്ള ഭരണപരമായ സഹായങ്ങൾ ജില്ലാ ഭരണകൂടം നൽകുമെന്നും യോഗത്തിൽ തീരുമാനിച്ചു. കെ.കെ രമ എം.എൽ.എ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്‌, അഴിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിഷ ഉമ്മർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.എം സത്യൻ, അഴിയൂർ പഞ്ചായത്ത്‌ അംഗം കെ.ലീല, ആർ.ഡി.ഒ അൻവർ സാദത്ത്, താഹസിൽ ദാർ, നാഷണൽ ഹൈവെ അതോറിറ്റി പ്രോജക്ട് ഡയരക്ടർ, എൽ.എ തഹസിൽദാർ, ഒഞ്ചിയം വില്ലേജ് ഓഫിസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.