മേമുണ്ടയിലെ കോൺഗ്രസിന്റെ കരുത്തുറ്റ നേതാവ്; സ്വാതന്ത്ര്യ സമര സേനാനി എം.കെ.കൃഷ്ണന് വിട നൽകി നാട്
വില്ല്യാപ്പള്ളി: സ്വാതന്ത്ര്യ സമര സേനാനിയും മേമുണ്ടയിലെ കോൺഗ്രസ്സിന്റെ കരുത്തുമായിരുന്ന എം.കെ.കൃഷ്ണൻ എന്ന മീത്തലെ കുരുന്നുമ്മനക്കൽ കൃഷ്ണന് വിട നൽകി നാട്. കോൺഗ്രസ് പാർട്ടിക്കായി കോൺഗ്രസ്സ് പാർട്ടിയെ നെഞ്ചോട് ചേർത്ത കരുത്തുറ്റ നേതാവിനെയാണ് കൃഷ്ണന്റെ വിയോഗത്തോടെ നഷ്ടമായത്.
ഖദർ ജുബയും കഴുത്തിൽ മൂവർണ്ണഷാളും ധരിച്ച് ഊന്നുവടിയുമായി കോൺഗ്രസ്സ് പരിപാടികളിൽ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം. നിറപുഞ്ചിരിയുമായി യുവാവിന്റെ ആവേശത്തോടെ കോൺഗ്രസ്സ് പദയാത്രകളിൽ എത്ര ദൂരവും നടക്കാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു.
ലോകനാർകാവ് ക്ഷേത്രപ്രവേശന സമരത്തിൽ മുന്നിൽ പ്രവർത്തിച്ച നേതാവായിരുന്നു. ഹരിജനോദ്ദാരണ ഫണ്ട് ശേഖരിക്കാൻ ഗാന്ധിജി വടകരയിലെത്തിയപ്പോൾ ഗാന്ധിജിക്ക് കൈ കൊടുക്കാൻ സാധിച്ചിരുന്നുവെന്ന് അദ്ദേഹം പങ്കുവെക്കുമായിരുന്നു. തന്റെ രാഷ്ട്രീയ ഗുരുവായ കക്കണ്ടി കുഞ്ഞിരാമക്കുറുപ്പ് സ്വാതന്ത്ര്യ സമര പെൻഷൻ നിരസിച്ചപ്പോൾ അതേ പാതയിൽ സ്വാതന്ത്ര്യ സമര പെൻഷൻ വേണ്ടെന്ന് പറഞ്ഞ അദ്ദേഹത്തെ ആദരിക്കാനും അനുഗ്രഹം തേടാനും സൈനിക വിഭാഗങ്ങളും, സന്നദ്ധ സംഘടനകളും സ്കൂൾ വിദ്യാർത്ഥികളും നിരന്തരമായി മേമുണ്ടയിലെ വീട്ടിലെത്താറുണ്ട്.
85 വയസ്സിൽ കൂടുതലുള്ളവർക്ക് വീട്ടിൽ വെച്ച് വോട്ട് ചെയ്യാനവസരമുണ്ടായിട്ടും അതിന് സമ്മതിക്കാതെ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും പോളിംഗ് ബൂത്തിൽ നേരിട്ട് ചെന്നാണ് അദ്ദേഹം വോട്ട് ചെയ്തത്.
കോൺഗ്രസ്സ് പ്രസ്ഥാനത്തിനുവേണ്ടി ജീവൻ സമർപ്പിച്ച കൃഷ്ണേട്ടൻ അധികാരത്തിന്റെ പിന്നാലെ പോകാൻ തയ്യാറാല്ലായിരുന്നു. വർഷങ്ങൾക്കു മുമ്പ് മേമുണ്ടയിലെ കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ടായതൊഴികെ മറ്റൊരു സ്ഥാനവും അദ്ദേഹം ഏറ്റെടുത്തതായി അറിവില്ല. കറകളഞ്ഞ നിസ്വാർത്ഥനായ ഒരു കോൺഗ്രസ് പ്രവർത്തകനെയും പൊതുപ്രവർത്തകനെയുമാണ് കൃഷ്ണേട്ടന്റെ വേർപാടോടെ നഷ്ടമായത്.
മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ്സ് പതാക പുതപ്പിച്ചു. എൻ. സുബ്രഹ്മണ്യൻ, അഡ്വ: ഐ. മൂസ, അച്ചുതൻ പുതിയെടുത്ത്, പി.സി ഷീബ, ബാബു ഒഞ്ചിയം, ബവിത്ത് മലോൽ, കോട്ടയിൽ രാധാകൃഷ്ണൻ, ശശിധരൻ കരിമ്പനപ്പാലം, പുറന്തോടത്ത് സുകുമാരൻ, തേറത്ത് കുഞ്ഞിക്കൃഷ്ണൻ, എന്നിവർ വീട്ടിലെത്തി അനുശോചനമറിയിച്ചു. ഷാഫി പറമ്പിൽ എം.പി, കെ.മുരളീധരൻ, കെ.പ്രവീൺ കുമാർ, ടി.സിദ്ദിഖ്, പി.എം. നിയാസ്, കെ.ജയന്ത്, കെ.സി.അബു, പാറക്കൽ അബ്ദുള്ള എന്നിവർ അനുശോചനമറിയിച്ചു.
ഭാര്യ : മാക്കം അമ്മ
മക്കൾ : കാർത്ത്യായനി, ഭാർഗവി, രഘുപതി , വിനോബൻ, രാജീവൻ, മുരളീധരൻ, വിശ്വനാഥൻ, പത്മനാഭൻ (ബഹ്റൈൻ)
മരുമക്കൾ : പരേതനായ മാധവൻ (മൂടാടി), സദാശിവൻ (മേമുണ്ട), പരേതനായ ഉണ്ണി (ഏറാമല – അദ്ധ്യാപകൻ) , ശ്രീജ, ബിന്ദു, പ്രസീത, റീന, ലീന