പരിശോധിക്കാൻ ജനറൽ മെഡിസിൻ ഡോക്ടർ മുതൽ ദന്ത രോഗ വിദഗ്ധർ വരെ, ഒപ്പം ഇ.സി.ജിയും ലാബും ഉൾപ്പെടെയുള്ള സേവനങ്ങളും; കല്ലോട് എ.എൽ.പി സ്കൂളിൽ ഭാവന തിയേറ്റേഴ്സ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
പേരാമ്പ്ര: കല്ലോട് ഭാവന തിയേറ്റേഴ്‌സ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. കല്ലോട് എ.എൽ.പി സ്കൂളിൽ നടത്തിയ ക്യാമ്പ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ.എൻ.ശാരദ ഉദ്ഘാടനം ചെയ്തു. ഭാവന തിയേറ്റേഴ്‌സ് വൈസ് പ്രസിഡന്റ് ടി.പ്രകാശൻ അധ്യക്ഷനായി.
മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനെക്കോളജി, ഡെന്റൽ, ഒഫ്താൽമോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ഇ.സി.ജി, മെഡിക്കൽ ലാബ്, ഫർമസി തുടങ്ങിയ സൗകര്യങ്ങളും ആശുപത്രി അധികൃതർ ക്യാമ്പിൽ ഒരുക്കിയിരുന്നു.
ക്യാമ്പിൽ പങ്കെടുത്ത് വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് മലബാർ മെഡിക്കൽ കോളേജ് ആശുപത്രി നൽകി വരുന്ന വിവിധ സൗജന്യ നിരക്കുകളെ സംബന്ധിച്ച് ഒഫ്താൽമോളജി വിഭാഗത്തിലെ ഡോക്ടർ വരുൺ വിശദീകരിച്ചു. ഭാവന തിയേറ്റേഴ്‌സ് സെക്രട്ടറി പി.കെ.ലിനീഷ് സ്വാഗതം പറഞ്ഞു. പേരാമ്പ്ര പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, ഭാവന തിയേറ്റേഴ്‌സ് ജോയിന്റ് സെക്രട്ടറി ബേബി സുനിൽ എന്നിവർ സംസാരിച്ചു.