എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്; വ്യാജ സന്ദേശത്തിൽ കുടുങ്ങരുതെന്ന് വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മുന്നറിയിപ്പ്. ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജസന്ദേശത്തെക്കുറിച്ച് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്‌.

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സാധാരണ ജനങ്ങളിലേക്ക് വാട്സ് ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്.

പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡി ജി പിയ്ക്ക് പരാതി നൽകിയതായും കുറിപ്പില്‍ പറയുന്നുണ്ട്‌. വാട്ട്സ്ആപ്പ് മെസ്സേജ് വഴി രജിസ്‌ട്രേഷന്‍ ലിങ്ക് സഹിതമാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്‌. മാത്രമല്ല പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്‍റേയും ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിച്ചാണ് സന്ദേശം പ്രചരിപ്പിക്കുന്നത്.

Description: Free laptop for all students; Don't fall for fake messages, says Education Minister