ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; കോഴിക്കോട് സ്വദേശിയില്‍ നിന്നും 65ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍
കോഴിക്കോട്: ട്രേഡിങ് നടത്തി ലാഭമുണ്ടാക്കി തരാമെന്ന് പറഞ്ഞ് അറുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് നഗരത്തിലെ പണമിടപാടുകാരനായ പ്രതാപ് റായ് റാഡിയയാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. 2024 ഒക്ടോബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോട് സ്വദേശിയെ ഫോണ്‍ ഇ-മെയില്‍ വെബ് സൈറ്റ് എന്നിവ വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വഴി ട്രേഡിങ് നടത്തി ലാഭമുണ്ടാക്കിതരാമാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 65,22,800 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. റിട്ടയേഡ് ബാങ്ക് മാനേജരാണ് പരാതിക്കാരന്‍. ഫോണ്‍ കാളുകളും ഇമെയിലും കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റു വിദൂര സ്ഥലങ്ങളില്‍ നിന്നുമായി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ക്ക് വേണ്ടി നാട്ടില്‍ പണം സ്വീകരിച്ച് കൈമാറുന്ന ആളാണ് പ്രതാപ് റായ് റാഡിയയെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ അനധികൃതമായി പണം സ്വീകരിച്ച് തട്ടിപ്പ് നടത്തുന്നവരെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് വേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് നല്‍കുന്നവരെ പറ്റിയും പണം സ്വീകരിച്ച് കൈമാറുന്നവരെ പറ്റിയും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ 12.5ലക്ഷം രൂപ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റു കേസുകളും ആയി ബന്ധപ്പെട്ട അറസ്റ്റ് ചെയ്യപ്പെട്ട ആള്‍ക്കുള്ള ബന്ധങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട ആളെ കോടതിയില്‍ ഹാജരാക്കിയതില്‍ റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് സിറ്റി ഡി.ഐ.ജി പോലീസ് കമ്മിഷണര്‍ ടി.നാരായണന്‍ ഐ.പി.എസി ന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യുട്ടി പോലീസ് കമ്മിഷണര്‍ അരുണ്‍ കെ.പവിത്രന്‍ ഐ.പി.എസിന്റെയും സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ബാലചന്ദ്രന്റെയും മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ആഗേഷ് അന്വേഷണ ഉദ്യോഗസ്ഥനായും എസ്.ഐ.മാരായ വിനോദ് കുമാര്‍, അബ്ദുള്‍ അസീസ്, പ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീര്‍ ഫെബിന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷമാന അഹമ്മദ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Summary: Man arrested for duping Kozhikode native of Rs 65 lakh