അക്ഷരങ്ങള്‍ കൊണ്ട് ജീവിതം തിരിച്ചുപിടിച്ച രാസിത്ത് അശോകന്റെ നാലാമത് പുസ്തകം പ്രകാശനം ചെയ്തു


പേരാമ്പ്ര: ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന രോഗത്തെ അക്ഷരങ്ങള്‍ കൊണ്ട് തോല്‍പ്പിച്ച് ജീവിതം തിരിച്ചുപിടിച്ച കുറ്റ്യാടി സ്വദേശിയും പേരാമ്പ്ര ഗവ. സി.കെ.ജി മെമ്മോറിയല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ രാസിത്ത് അശോകന്റെ നാലാമത് പുസ്തകം പ്രകാശനം ചെയ്തു. സി.കെ.ജി കോളേജില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ബള്‍ജുറേഷിയില്‍ വിരിയുന്ന ചെമ്പരത്തി പൂവുകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തത്. സംസ്ഥാന ട്രാന്‍സ്‌ജെന്റര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ശീതള്‍ ശ്യാമാണ് പുസ്തകം പ്രകാശനം ചെയ്തത്.

പി.കെ.വിനോദ് അധ്യക്ഷനായി. ചടങ്ങില്‍ ഡോ. പി.ആര്‍.ഷിത്തോര്‍ പുസ്തകം ഏറ്റു വാങ്ങി. എഴുത്തുകാരനും അധ്യാപകനുമായ എം.പി.അനസ് പുസ്തകം പരിചയപ്പെടുത്തി. രാസിത്തിന്റെ ആദ്യാസമാഹാരം നന്ദി ഗില്ലന്‍ ബാരി സിന്‍ഡ്രോം 2015-16 വര്‍ഷത്തെ സാമൂഹ്യ ക്ഷേമവകുപ്പിന്റെ സംസ്ഥാന അവാര്‍ഡ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഇപ്പോള്‍ 23 പതിപ്പുകള്‍ പിന്നിട്ടു. മൊയ്‌സാമീ ദാസ് എന്ന കഥയ്ക്ക് വരം 2017 കഥാപുരസ്‌കാരവും ബള്‍ജുറേഷിയില്‍ വിരിയുന്ന ചെമ്പരത്തി പൂവുകള്‍ക്ക് വരം 2019 സാഹിത്യ പുരസ്‌കാരവും നേടി.

എം.കുഞ്ഞമ്മദ്, വി.കെ.പ്രമോദ്, കാവില്‍ പി. മാധവന്‍, കുട്ടികൃഷ്ണന്‍, പി.എസ്.സ്മിജ, കുഞ്ഞബ്ദുള്ള, വിനോദ് പന്തിരിക്കര, പ്രവീഷ് കുമാര്‍, കെ.സി.അജേഷ്, റഫീഖ് എരവട്ടൂര്‍, ഷൈജു പാലേരി, ലിതേഷ് കരുണാകരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ വി.പി.അശ്വതി സ്വാഗതവും നക്ഷത്ര സത്യന്‍ നന്ദിയും പറഞ്ഞു.