കുറ്റ്യാടിയിലെ നാല് വയസുകാരനെ മരണത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തി; രാഷ്ട്രപതിയുടെ ജീവന്‍രക്ഷാ പുരസ്‌കാരം ഏറ്റുവാങ്ങാനായി എട്ടാം ക്ലാസുകാരന്‍ നിഹാദ് ഡല്‍ഹിയിലേക്ക്, നാടിന് അഭിമാനം


കുറ്റ്യാടി : കഴിഞ്ഞവര്‍ഷം തളീക്കര കൂട്ടൂര്‍ കല്ലുരസി തടയണയില്‍ വീണ നാലുവയസ്സുകാരന്റെ ജീവന്‍ രക്ഷിച്ചതിന് രാഷ്ട്രപതിയുടെ ജീവന്‍രക്ഷ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട മാണിക്കോത്ത് റഹീമിന്റെ മകന്‍ നിഹാദ് നാടിന്റെ അഭിമാനമായി.

കുറ്റ്യാടി ഗവ. ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിഹാദ് അവാര്‍ഡ് സ്വീകരിക്കാന്‍ ഞായറാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ജീവന്‍ പണയംവെച്ച്‌ നാലടിയോളം ആഴമുള്ള തടയണയില്‍ എടുത്തുചാടിയാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

ഉച്ചസമയത്ത് വീട്ടുകാരറിയാതെ വന്ന സമീപവാസിയായ കുട്ടിയാണ് കാലുതെറ്റി വെള്ളക്കെട്ടില്‍ വീണത്. അതുവഴി വന്ന നിഹാദ് കുട്ടി വെള്ളത്തിന് മുകളില്‍ കൈ പൊങ്ങി നില്‍ക്കുന്നത് കാണുകയായിരുന്നു. നിഹാദിനെ യാത്രയയക്കാന്‍ ഇ.കെ. വിജയന്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജില്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, അധ്യാപകര്‍ എന്നിവരെത്തി.