ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌ക്കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മഞ്ഞപ്പിത്തം; നാല് ദിവസത്തിനുള്ളില്‍ 60ലധികം പേര്‍ക്ക് രോഗം, പഞ്ചായത്തില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം


പേരാമ്പ്ര: ചങ്ങരോത്ത് പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ നാല് കുട്ടികള്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഹയര്‍സെക്കന്ററി വിഭാഗത്തിലെ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്‌ക്കൂളിലെ അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 40 പേര്‍ക്കും, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 20 പേര്‍ക്കുമാണ് രോഗം സ്ഥീരികരിച്ചത്.

രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ കുട്ടികളെ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ 10മണിക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മഞ്ഞപ്പിത്തത്തിന്റെ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും, മുന്‍കരുതലുകളെക്കുറിച്ചുമെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും, പേടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി വടകര ഡോട് ന്യൂസിനോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും എല്ലാവരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീടുകളില്‍ വിശ്രമത്തിലാണെന്നും പ്രസിഡണ്ട് പറഞ്ഞു.

സ്‌ക്കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് സ്‌ക്കൂളിന് സമീപത്തെ വീടുളിലും കടകളിലും ചങ്ങരോത്ത് പഞ്ചായത്ത് ആരോഗ്യവിഭാഗവും, ജില്ലാ മെഡിക്കല്‍ സംഘവും പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ മുന്‍കരുതലിന്റെ ഭാഗമായി സ്‌ക്കൂളിന് സമീപത്ത്‌ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ചില വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

Description: Four more students of Changaroth Paleri Vadakkumpad Higher Secondary School contracted jaundice