സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് മനത്താനത്ത് ഫ്ലോർമിൽ പ്രവർത്തനമാരംഭിച്ചു; പദ്ധതിയിലൂടെ ചങ്ങരോത്ത് പഞ്ചായത്ത് പടുത്തുയര്‍ത്തിയത് നൂറോളം സംരംഭങ്ങള്‍
പാലേരി: മനത്താനത്ത് ഫ്ലോർമിൽ പ്രവർത്തനമാരംഭിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായാണ് ഫ്ലോർമിൽ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയും വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും ചേർന്ന് ഫ്ലോർമില്ലിന്റെ സ്വിച്ചോൺ കര്‍മ്മം നിർവഹിച്ചു.
സംരംഭം തുടങ്ങുന്നതിനായി 5.6 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. 25 ശതമാനം സബ്സിഡി ലഭിക്കും. ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് മുഖേന സംസ്ഥാന സർക്കാരാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നൂറിലധികം സംരംഭങ്ങളാണ് ചങ്ങരോത്ത് പഞ്ചായത്തിൽ ആരംഭിച്ചത്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി.പി റീന അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സത്യവതി, കേരള ഗ്രാമീൺ ബാങ്ക് മാനേജർ ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.