പേപ്പട്ടിശല്യത്തില്‍ വലഞ്ഞ് തൊഴിലാളികള്‍; കൂത്താളി ജില്ലാ കൃഷിഫാമില്‍ നാലുപശുക്കള്‍ക്ക് നായയുടെ കടിയേറ്റു, തൊഴിലാളികളുടെ പ്രതിഷേധത്തിനൊടുവില്‍ നായയെ വെടിവെച്ചുകൊന്നു
പേരാമ്പ്ര: പേപ്പട്ടിശല്യത്തില്‍ വലഞ്ഞ് തൊഴിലാളികള്‍ പെരുവണ്ണാമൂഴിക്കുസമീപമുള്ള കൂത്താളി ജില്ലാ കൃഷിഫാമില്‍ നാലുപശുക്കള്‍ക്ക് നായയുടെ കടിയേറ്റു. ഇന്നലെ രാവിലെ എട്ടോടെ കൃഷിഫാമിലുള്ള ഡെയറിഫാമിലെ പശുക്കളെ പുല്ലുതീറ്റിക്കാന്‍ കൊണ്ടുപോകുന്ന സമയത്ത് നായ കടിക്കുകയായിരുന്നു. മൂന്ന് പശുക്കള്‍ക്കും മുഖത്താണ് കടിയേറ്റത്.
പേപ്പട്ടിശല്യമില്ലാതെ തൊഴില്‍ചെയ്യാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ജോലിക്കിറങ്ങാതെ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ ഉത്തരവുപ്രകാരം ഉച്ചയോടെ നായയെ വെടിവെച്ചുകൊന്നതോടെയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.
പുല്ലുതീറ്റിക്കാന്‍ കെട്ടിയ സമയത്താണ് മൂന്ന് പശുക്കള്‍ക്ക് കടിയേറ്റത്. ഒരുപശുവിനെ പറമ്പിലേക്ക് കൊണ്ടുപോകുന്ന സമയത്തും. മൂന്നെണ്ണത്തിനും മുഖത്താണ് കടിയേറ്റതെന്നതിനാല്‍ ഗുരുതരമാണ് പരിക്ക്. ചങ്ങരോത്ത് മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ ഡോ. എസ്.ആര്‍. അശ്വതി ഡെയറിഫാമിലെത്തി പശുക്കള്‍ക്ക് വാക്‌സിനേഷന്‍ നടത്തി.
26 പശുക്കളും ഒമ്പതുകിടാരികളും ഫാമിലുണ്ട്. കടിയേറ്റ പശുക്കളെയെല്ലാം മറ്റുള്ളവയില്‍നിന്ന് മാറ്റിക്കെട്ടി നിരീക്ഷിക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കി. പശുക്കളെ കടിച്ച നായയെ തിരയുന്നതിനിടയിലാണ് ഓഫീസിന് മുന്‍വശത്തെ വഴിയിലൂടെ നടന്നുപോവുകയായിരുന്ന തൊഴിലാളി ചന്ദ്രന്റെ നേരെ നായ ചാടിവീണത്. കൈവശമുണ്ടായിരുന്ന ചെടിച്ചെട്ടികൊണ്ട് പ്രതിരോധിച്ചതോടെ നായയുടെ കടിയേറ്റ് ചെടിച്ചെട്ടി പൊട്ടി. ഇതോടെയാണ് തൊഴിലാളികള്‍ ജോലിക്കിറങ്ങാതെ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി ഒത്തുചേര്‍ന്നത്.
പ്രതിഷേധവിവരമറിഞ്ഞ് പെരുവണ്ണാമൂഴിയില്‍നിന്ന് എസ്.ഐ. ആര്‍.സി. ബിജുവിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെയും ഫാം ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. തുടര്‍ന്നാണ് എത്രയുംവേഗത്തില്‍ നായയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന്, പന്നിയെ കൊല്ലാന്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളയാളെത്തി വെടിവെച്ചുകൊല്ലുകയായിരുന്നു. ഫാമിലെ മറ്റുപട്ടികളെയും അടിയന്തരമായി എ.ബി.സി. സെന്ററിലേക്ക് എത്തിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
ഞായറാഴ്ചമുതല്‍ നായ കൂവ്വപ്പൊയില്‍, താഴത്തുവയല്‍ മേഖലയില്‍ അക്രമകാരിയായി ഓടിനടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. താഴത്തുവയലിലെ ഉഷയെ ആക്രമിച്ചു. ഫാമിനുസമീപത്തെ രണ്ടുവീടുകളിലെ പട്ടിയെയും കടിച്ചിട്ടുണ്ട്. മൂന്ന് തെരുവുനായകളെയും ആക്രമിച്ചു. രാവിലെ സ്‌കൂള്‍കുട്ടികളടക്കം ഒട്ടേറെപ്പേര്‍ നായയുടെ മുന്നില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഫാമിലെ പല തൊഴിലാളികളും ഓടിമാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. നായയെ സംരക്ഷിക്കുന്ന തൊഴിലാളിക്കെതിരേ നടപടിയാവശ്യപ്പെട്ട് കടിയേറ്റവര്‍ പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.
summary: four cows bitten by stray dog in koothali farm