പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഇനി പുത്തന്‍ കെട്ടിടത്തിലേക്ക്; ശിലാസ്ഥാപനം മാര്‍ച്ച് 15ന്


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം വരുന്നു. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 15ന് നടക്കും.

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നാം ഘട്ടമായി അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ചാണ് ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റിയ സ്ഥലത്താണ് പുതിയ കെട്ടിടം വരുന്നത്. പഴയ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസാണ് 2000ത്തില്‍ ത്രിതല പഞ്ചായത്തുകള്‍ നിലവില്‍ വന്നപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസായി ഉപയോഗിച്ച് വന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കവും ഓഫീസിലെ സ്ഥല പരിമിധിയും കാരണം പുതിയ കെട്ടിടം എന്ന ആവശ്യം ഉയരുകയായിരുന്നു.

കെട്ടിടത്തിന്റെ ശിലാസ്ഥാപനം 15 ന് രാവിലെ 10 മണിക്ക് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോഴിക്കോട് എ.ഡി.സി എം മിനി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, ശാരദ പട്ടേരിക്കണ്ടി, സി.കെ ശശി, കെ. സുനില്‍, ഉണ്ണി വേങ്ങേരി, എന്‍.ടി ഷിജിത്ത്, കെ.കെ ബിന്ദു, ജില്ലാ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

summary: foundation stone laying of new building for perambra block panchayath on march 15