റേഷന്‍ കടയിലെ അരി വ്യാജനല്ല: ‘ഫോർട്ടിഫൈ ചെയ്ത അരി, ആശങ്ക വേണ്ടെന്ന്‌ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി


കുറ്റ്യാടി: ഫോർട്ടിഫൈ ചെയ്ത അരിയിൽ ആശങ്ക വേണ്ടെന്ന്‌ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. റേഷൻ കടയിൽ നിന്നും വാങ്ങുന്ന അരിയിൽ, അരിക്ക് സമാനമായ ചില പദാർത്ഥങ്ങൾ കണ്ടെത്തുന്നതായി ജനങ്ങളിൽ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

റേഷൻ കടയിൽ നിന്നും വാങ്ങുന്ന അരി ഫോർട്ടിഫൈഡ് അരിയാണ്‌, ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. നിലവിൽ റേഷൻ കടകൾ വഴി ഫോർട്ടിഫൈഡ് അരിയും, മാവേലി സ്റ്റോറുകൾ വഴി ഫോർട്ടി ഫൈ ചെയ്യാത്ത അരിയും വിതരണം ചെയ്യുന്നുണ്ട്. ഫോർട്ടിഫിക്കേഷൻ തുടങ്ങുന്നതിനു മുൻപുള്ള സ്റ്റോക്ക് ലഭ്യമായ ഇടങ്ങളിൽ ഫോർട്ടിഫൈ ചെയ്യാത്ത അരിയും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

AAY,PHH,NPS,NPNS,NPI കീമുകൾ മുഖേന ഫോർട്ടിഫൈ ചെയ്ത അരി വിതരണം ചെയ്തു വരുന്നു. ബ്രോക്കൺ റൈസ് (Broken rice) പൊടിച്ച് അതിലേക്ക് സൂക്ഷ്മ മൂലകങ്ങൾ( അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ B12) പ്രീമിക്സ്(Premix ) കലർത്തി മെഷീനിലൂടെ കടത്തിവിട്ട് അരിയോട് രൂപസാദൃശ്യമുള്ള കെന്നലുകൾ (Fortified rice kennels) ഉത്പാദിപ്പിക്കുന്നു. ഇപ്രകാരം ഉല്പാദിപ്പിച്ച കെന്നൽസ് സാധാരണ അരിയോടൊപ്പം 1:100 എന്ന അനുപാതത്തിൽ കലർത്തിയാണ് അരി ഫോർട്ടിഫൈ ചെയ്യുന്നത്. ജനങ്ങളിൽ പൊതുവായി കാണപ്പെടുന്ന അനീമിയയും , മൈക്രോ ന്യൂട്രികളുടെ കുറവും പരിഹരിക്കുന്നതിലേക്കായാണ് അയേൺ, ഫോളിക് ആസിഡ്, വൈറ്റമിൻ B12 തുടങ്ങിയ മൈക്രോ ന്യൂട്രിയൻുകൾ അടങ്ങിയ ഫോർട്ടിഫൈഡ് അരി നൽകുന്നതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചതായി പറഞ്ഞതായി എംഎല്‍എ അറിയിച്ചു.