മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് (92) അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. 1991-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. പഞ്ചാബ് പ്രവിശ്യയില്‍ പെട്ട ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ ജനനം. 1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പഠിച്ച് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളജില്‍ ചേര്‍ന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി
1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലേക്കും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കുമുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചു.
Description: Former Prime Minister Manmohan Singh passed away