ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു


ബംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.കസ്തൂരിരംഗൻ (84) അന്തരിച്ചു. ഇന്ന് രാവിലെ 10.43ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 1994- 2003വരെ ഐഎസ്ആർഒയുടെ ചെയർമാനായിരുന്നു. രാജ്യസഭാം​ഗം, ആസൂത്രണ കമീഷൻ അം​ഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 ഓഗസ്റ്റ് 27-ന് വിരമിച്ചു. തുടര്‍ന്ന് 2003 മുതല്‍ 2009 വരെ രാജ്യസഭാ എം.പി.യായി. ഇന്ത്യയുടെ പ്ലാനിങ് കമ്മിഷന്‍ അംഗവും ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-I & IIന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. യുഎൻ സെന്റർ ഫോർ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി എഡ്യൂക്കേഷന്റെ (UN-CSSTE) ഗവേണിംഗ് ബോർഡ്, ഐഐടി ചെന്നൈ ബോർഡ് ഓഫ് ഗവർണേഴ്‌സ്, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിൽ, നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറിയുടെ റിസർച്ച് കൗൺസിൽ എന്നിവയുടെ ചെയർമാനായിരുന്നു.

കൊച്ചിയില്‍ ചിറ്റൂര്‍ റോഡിലെ സമൂഹത്ത് മഠത്തില്‍ കൃഷ്ണസ്വാമിയുടെയും വിശാലാക്ഷിയുടെയും മകനായി 1940 ഒക്ടോബര്‍ 24-നാണ് ജനിച്ചത്. ശാസ്ത്രപഠനത്തില്‍ ചെറുപ്പത്തില്‍ തന്നെ താല്‍പര്യമുണ്ടായിരുന്നു. അഞ്ചാം ക്ലാസുവരെ കേരളത്തില്‍ പഠിച്ചു. പിന്നീട് പിതാവിന്റെ ജോലി സ്ഥലമായ മുബൈയിലേക്ക് മാറി. ബോംബെ സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ മാസ്റ്റർ ബിരുദം, എക്‌സിപിരിമെന്റല്‍ ഹൈ എനര്‍ജി അസ്‌ട്രോണമിയില്‍ ഡോക്ടറേറ്റ് എന്നിവ നേടി. വിക്രം സാരാഭായി അഹമ്മദാബാദില്‍ സ്ഥാപിച്ച ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജോലി ചെയ്യവെയായിരുന്നു ആ നേട്ടം,

പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പ്രയോഗങ്ങൾ എന്നീ മേഖലകളിലായി അന്താരാഷ്ട്ര, ദേശീയ ജേണലുകളിലായി 200 ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Description: Former ISRO Chairman Dr. Kasturirangan passes away