ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസ്: പി.വി. അൻവർ എംഎൽഎ റിമാന്റിൽ
നിലമ്പൂർ: നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.വി. അൻവർ എം.എൽ.എ റിമാന്റിൽ. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പി വി അൻവറിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.
പൊതുമുതൽ നശിപ്പിക്കൽ, പോലീസിന്റെ കൃത്യനിർവഹണം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പി.വി. അൻവർ എം.എൽ.എ. ഉൾപ്പെടെ കണ്ടാലറിയുന്ന 11 പേർക്കെതിരെയാണ് കേസ്. പി.വി. അൻവർ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്നും എഫ്.ഐ.ആറിൽ പരാമർശമുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിനെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് മുന്നോടിയായി വൻ പൊലീസ് സന്നാഹം അൻവറിന്റെ വീട്ടിൽ എത്തിയിരുന്നു. അറസ്റ്റ് നീക്കം ഭരണകൂട ഭീകരതയാണെന്ന് പി വി അൻവർ പ്രതികരിച്ചു. മോദിയേക്കാൾ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യഥാർത്ഥ വിഷയത്തിൽ അടിയന്തര നടപടിയില്ലെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിൽ കാട്ടനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അൻവറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാർട്ടിയുടെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസിലാണ് അ പി വി അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അൻവറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവർത്തകർ അടക്കം വീടിന് മുന്നിൽ തടിച്ചുകൂടി.
ശനിയാഴ്ചയായിരുന്നു നിലമ്പൂർ കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി മരിച്ചത്. 35 വയസായിരുന്നു. കാട്ടാന ആക്രമിക്കുമ്പോൾ അഞ്ചുവയസുകാരനായ മകൻ മനുകൃഷ്ണ മണിയുടെ കയ്യിൽ ഉണ്ടായിരുന്നു. കുട്ടി അത്ഭുതകരമായിരുന്നു കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. മണിയുടെ മരണത്തിന് പിന്നാലെ പ്രതികരിച്ച് അൻവർ രംഗത്തെത്തിയിരുന്നു. യുവാവിന്റെ മരണം വനംവകുപ്പ് നടത്തിയ കൊലപാതകമെന്നായിരുന്നു പി വി അൻവറിന്റെ പ്രതികരണം.