പെരുവണ്ണാമൂഴിയില്‍ കാട്ടാന ശല്യം, കൃഷിയിടങ്ങള്‍ നശിപ്പിച്ചു; വനംവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി വനമേഖലയില്‍ നിന്ന് കാട്ടാന നാട്ടിലേക്കിറങ്ങി പ്രദേശ വാസികളുടെ കൃഷി നശിപ്പിക്കുന്നു. സൗരവേലി പ്രവര്‍ത്തിക്കാത്തതും കേടായവ നന്നാക്കാത്തതുമാണ് വന്യമൃഗ ശല്യം രൂക്ഷമാകുന്നതിന്റെ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനംവകുപ്പ് അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നാണ് കര്‍ഷകരുടെ അവശ്യം.


കഴിഞ്ഞ ദിവസം വട്ടക്കയം ഓലിച്ചപ്പാറ തച്ചിലേടത്ത് ബിജു തോമസിന്റെ തെങ്ങ്, കമുക്, റബ്ബര്‍, വാഴ എന്നിവ കാട്ടാന നശിപ്പിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ആന കയറി കൃഷി നശിപ്പിച്ചിട്ടുണ്ട്.ആനകളെ ഓടിക്കാന്‍ നാട്ടുകാര്‍ക്ക് ആദ്യം പടക്കം വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിതരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. സൗര വേലിയുടെ ബാറ്ററി ചാര്‍ജ് ചെയ്യാനും ഫണ്ട് ലഭിക്കുന്നില്ല. വനം വകുപ്പ് വാച്ചര്‍മാര്‍ക്കു കൂലി നല്‍കാത്തതിനാല്‍ വാച്ചര്‍മാരുടെ രാത്രി സേവനവും പൂര്‍ണമായി ലഭിക്കുന്നില്ലെന്നാണ് പരാതി.


വനംവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് മെമ്പര്‍ രാജേഷ് തറവട്ടത്ത് പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നും ഉദ്യോഗസ്ഥരുടെ രാത്രി പട്രോളിങ് ശക്തമാക്കണമെന്നും കര്‍ഷക നേതാവ് ജോര്‍ജ് കുംബ്ലാനി ആവശ്യപ്പെട്ടു.