ചക്കിട്ടപാറയില്‍ വന്‍ ഭൂമി ഏറ്റെടുപ്പ് വരുന്നു; സ്വകാര്യ വ്യക്തികളുടെ വനാതിർത്തിയിലെ 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കും, രണ്ട് ഹെക്ടറിന് 15 ലക്ഷം
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമി അക്വിസിഷന്‍ നടത്തി വനം വകുപ്പ് ഏറ്റെടുക്കും. 200 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുക്കുക. വന്യമൃഗശല്യം, ഉരുള്‍പൊട്ടല്‍, കാലവര്‍ഷക്കെടുതി എന്നിവ കണക്കിലെടുത്താണ് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നത്.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട്, മാവട്ടം, കരിങ്കണ്ണി, താളിപാറ, രണ്ടാംചീളി എന്നീ പ്രദേശങ്ങളിലെ 126 കുടുംബങ്ങളുടെ 200 ഏക്കര്‍ ഭൂമിയാണ് സ്വയം സന്നദ്ധ പുനരധിവാസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഏറ്റെടുക്കുക.
രണ്ട് ഹെക്ടര്‍ വരെയുള്ള ഒരു യൂണിറ്റിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഭൂമി വിട്ടുനല്‍കുന്ന 126 കുടുംബങ്ങള്‍ക്കുമായി 19 കോടി രൂപ വിതരണം ചെയ്യും.
പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ അന്തിമ തീരുമാനമായി. നികുതി ശീട്ട് മാത്രമുള്ള ഭൂവുടമകളില്‍നിന്ന് അപേക്ഷ വാങ്ങി കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന സംയുക്ത യോഗത്തില്‍ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കും.
ആധാരം മാത്രമുള്ളവര്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്ത ശേഷം നഷ്ടപരിഹാരം നല്‍കാനും പട്ടയം മാത്രമുള്ള ഭൂമി പട്ടയംവച്ച് ആധാരം രജിസ്റ്റര്‍ചെയ്തശേഷം നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഡി.എഫ്.ഒ എം.രാജീവന്‍, പദ്ധതി നോഡല്‍ ഓഫീസര്‍ സാബി വര്‍ഗീസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.