ആധാർ കാർഡ് പുതുക്കാത്തവരുടെ ശ്രദ്ധയ്ക്ക്; കാർഡ് സൗജന്യമായി പുതുക്കാനുള്ള കാലാവധി 14ന് അവസാനിക്കും


ധാർ കാർഡ് പുതുക്കാത്തവർ എത്രയും പെട്ടെന്ന് കാർഡ് പുതുക്കണം. കാർഡ് സൗജന്യമായി പുതുക്കാനുള്ള കാലാവധി സ്പെതംബർ 14ന് അവസാനിക്കും. കേന്ദ്ര സർക്കാരിന് കീഴിലെ യുനിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ഈ ഐഡി കാർഡിലെ വിവരങ്ങൾ ഓരോ പത്ത് വർഷത്തിനിടയിലും അപ്ഡേറ്റ് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ ഭൂരിഭാഗം പേരും ആധാർ കാർഡ് കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യാറില്ല. ഈ സാഹചര്യത്തിൽ പൗരന്മാരോട് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഓർമ്മിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ഇതിന് മുൻപ് പലപ്പോഴായി കാലാവധി നീട്ടിയാണ് സെപ്തംബർ 14 ലേക്ക് എത്തിയിരിക്കുന്നത്. ഇനിയും കാലാവധി നീട്ടുമോയെന്ന് യുനിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ 10 വർഷം മുൻപാണ് നിങ്ങൾ ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതെങ്കിൽ 50 രൂപ അടക്കാതെ തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസരം സെപ്തംബർ 14 ന് അവസാനിക്കും.

അധാർ പുതുക്കേണ്ടത് എങ്ങനെ

ബ്രൌസറിൽ https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക
തുറന്നുവരുന്ന വെബ് പേജിൽ ആധാറിലെ 12 അക്ക നമ്പർ രേഖപ്പെടുത്തുക. ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന വൺ ടൈം പാസ്‌വേഡും ഇവിടെ രേഖപ്പെടുത്തുക.
തുറന്നുവുന്ന പേജിൽ നിങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയത് ശരിയാണോയെന്ന് പരിശോധിക്കുക.
വിലാസമടക്കം വിവരങ്ങൾ മാറ്റേണ്ടതുണ്ടെങ്കിൽ അത് സംബന്ധിച്ച രേഖകൾ ഇവിടെ സമർപ്പിക്കുക.
നിർദ്ദേശങ്ങൾ കൃത്യമായി രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഒരു സർവീസ് റിക്വസ്റ്റ് നമ്പർ നിങ്ങൾക്ക് ലഭിക്കും. അത് സൂക്ഷിച്ച് വെക്കുക.
അപ്‌ലോഡ് ചെയ്യുന്ന ഫയലുകൾ 2 മെഗാ ബൈറ്റിൽ താഴെ വലിപ്പമുള്ളവയായിരിക്കണം. ജെപിഇജി, പിഎൻജി, പിഡിഎ എന്നിവയിലേതെങ്കിലും ഫോർമാറ്റിലായിരിക്കണം ഈ ഫയൽ. ബയോമെട്രിക് വിവരങ്ങളോ, പേരോ, ഫോട്ടോയോ, മൊബൈൽ നമ്പറോ പരിഷ്‌കരിക്കേണ്ടതുണ്ടെങ്കിൽ ഈ വഴി സാധ്യമാകില്ല. അതിന് അടുത്തുള്ള യുഐഡിഎഐ സേവനം ലഭിക്കുന്ന അക്ഷയ കേന്ദ്രത്തെ സമീപിക്കണം.

Description:For the attention of those who have not renewed their Aadhaar card; The period for renewing the card free of charge will end on the 14th