ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്; തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ മഴക്കാലമയാതുകൊണ്ടുതന്നെ ക്യാമ്പില്‍ കഴിയുന്നവര്‍ ആരോഗ്യ ശുചിത്വം പാലിക്കണമെന്നും ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ക്യാമ്പില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
*വ്യക്തിശുചിത്വം പാലിക്കുക
*തുറസ്സായ സ്ഥലങ്ങളില്‍ തുപ്പാതിരിക്കുക
*ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക
*ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്തവിധം അടച്ച് സൂക്ഷിക്കുക
*ആഹാരം കഴിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
*മലമൂത്ര വിസര്‍ജനം ശൗചാലയത്തില്‍ നടത്തുക.ശേഷം കൈകള്‍ സോപ്പിട്ട് കഴുകുക
*വളര്‍ത്തുമൃഗങ്ങളെയോ പക്ഷികളെയോ താമസിക്കുന്നവരുമായി ഇടപഴകാന്‍ അനുവദിക്കരുത്
*പനി, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്.
വീടുകളിലേക്ക് മടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
*വെള്ളപ്പൊക്കം ബാധിച്ച മേഖലകളിലെ വീടുകളും സ്ഥാപനങ്ങളും നന്നായി കഴുകി വൃത്തിയാക്കണം
*പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്കയും കുമ്മായവും ഉപയോഗിക്കാം
*കക്കൂസ് മാലിന്യം കൊണ്ട് മലിനമാകൻ സാധ്യതയുള്ള സ്ഥലങ്ങൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുചീകരിക്കണം
*മലിനമായ കിണറുകളും കുടിവെള്ള ടാങ്കുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിച്ച് ഉപയോഗിക്കുക
*ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ക്ലോറിനേഷൻ നടത്തണം
*എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സി സൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ ഭക്ഷണത്തിനുശേഷം കഴിക്കണം
*കൈകാലുകളിൽ മുറിവുള്ളവർ ഡോക്ടറുടെ സഹായം തേടുകയും പ്രതിരോധ ഗുളിക കഴിക്കണം
*മലിന ജലത്തിൽ ജോലിചെയ്യുന്നവർ ഗംബൂട്ട്, കൈയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപാധികൾ ഉപയോഗിക്കണം
* മുറികള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരയോഗ്യമാക്കുക
*ഇലക്ട്രിക് ഉപകരണങ്ങള്‍ ഇലക്ട്രീഷ്യനെകൊണ്ട് പരിശോധിപ്പിച്ച ശേഷം ഉപയോഗിക്കുക
*കൊതുക്, കൂത്താടി എന്നിവയുടെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രാഥമിക കേന്ദ്രങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കണം