പേരാമ്പ്രയിലെ ഹോട്ടല്‍, ബേക്കറി ജീവനക്കാക്കാരുടെ ശ്രദ്ധക്ക്; ഹെല്‍ത്ത് കാര്‍ഡ് സമയപരിധി വീണ്ടും നീട്ടി


തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡിന്‍മേലുള്ള നിയമനടപടികള്‍ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ഹോട്ടല്‍, റെസ്റ്റൊറന്റ്, ബേക്കറി ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണ് ഇന്ന് വീണ്ടും നീട്ടി നല്‍കിയത്.

ഇത് മൂന്നാം തവണയാണ് സമയം നീട്ടി നല്‍കുന്നത്. ഫെബ്രുവരി ഒന്നിന് മുമ്പ് ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. പിന്നീട് ഫെബ്രുവരി 28വരെ നീട്ടി. പക്ഷേ ഹോട്ടല്‍ റെസ്റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നല്‍കുന്നത്.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വ്യാപകമാതോടെയാണ് ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലെ ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികളാണുണ്ടാകുക.