ഫുട്ബോള്‍ താരം സി.കെ വിനീതും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു
കോട്ടയം: ഫുട്ബോള്‍ താരം സി.കെ.വിനീതും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ കോട്ടയത്ത് വെച്ച് അപകടത്തില്‍പ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിന് ഉദയനാപുരം നാനാടത്ത് വെച്ച് ഇവർ സഞ്ചരിച്ച കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല.
വിനീതും സുഹൃത്തും തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. വൈക്കം -പൂത്തോട്ട റൂട്ടില്‍ നാനാടത്ത് എത്തിയപ്പോള്‍ വാഹനം പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

റോഡരികിലെ ഓടയോട് ചേർന്നുള്ള കോണ്‍ക്രീറ്റ് ഭിത്തിയില്‍ കാർ ഇടിച്ചു നിന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. തുടർന്ന് നാട്ടുകാരും പോലീസും കെഎസ്‌ഇബി അധികൃതരും സ്ഥലത്തെത്തിയാണ് വാഹനം നീക്കിയത്.
Summary: Footballer CK Vineeth and his friend were in a car accident