അടിച്ചും തിരിച്ചടിച്ചും മുന്നേറിയ മത്സരം, പിരിമുറുക്കത്തിന്റെ മുൾമുനയിൽ കളികണ്ടു തീർത്ത് ആരാധകർ, ഒടുവിൽ തുള്ളിച്ചാടിയും കെട്ടിപ്പിടിച്ചും പടക്കം പൊട്ടിച്ചും ആർപ്പുവിളിച്ചും ആഘോഷിച്ച് അർജന്റീന വിജയം; ഫ്രാൻസിനെതിരെയുള്ള ഐതിഹാസിക വിജയം ആഘോഷമാക്കി പേരാമ്പ്രയിലെ അർജന്റീന ആരാധകർ (വീഡിയോ)


പേരാമ്പ്ര: നീണ്ട 36 വര്‍ഷത്തിനു ശേഷം അര്‍ജന്റീന വീണ്ടും കപ്പുയര്‍ത്തിയപ്പോള്‍. മെസിയുടെ ചുണ്ടുകള്‍ ആ കപ്പില്‍ മുത്തമിട്ടപ്പോള്‍ പേരാമ്പ്രയിലെ ആവേശം ഖത്തറിനെ വെല്ലുന്ന തരത്തിലായിരുന്നു. അയ്യായിരത്തിലധികം പേര്‍ ഒത്തു ചേര്‍ന്ന പേരാമ്പ്രയിലെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശന വേദിയില്‍ ആര്‍പ്പുവിളികളും പടക്കം പൊട്ടിക്കലും നൃത്തം വെയ്ക്കലും. ഒരു മാസത്തിലേറെയായി അര്‍ജന്റീനാ ആരാധകരുടെ നെഞ്ചിലെ തുടികൊട്ടല്‍ ഒടുക്കം ഒരു മേളമായി. അവര്‍ ഉറക്കെ വിളിച്ചു ‘വാമോസ് അര്‍ജന്റീനാ…’

വാശിയോറിയ പോരാട്ടമായിരുന്ന അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്നത്. ആദ്യ രണ്ടു ഗോളുകള്‍ നേടി അര്‍ജന്റീന ആരാധകരുടെ മനം കവര്‍ന്നപ്പോള്‍ ഒരു വിഭാഗം തലകുനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയിലെ ഫ്രാന്‍സിന്റെ പ്രകടനം ഫ്രാന്‍സ് ആരാധകര്‍ക്ക് ആവേശവും അര്‍ജന്റീനാ ആരാധകര്‍ക്ക് നെഞ്ചിടിപ്പും വര്‍ദ്ധിപ്പിച്ചു. ഇരുടീമുകളും മൂന്ന് ഗോള്‍ നേടി സമനില തുടരുമ്പോള്‍ പിന്നീട് പ്രാര്‍ത്ഥനയോടെ ഇരിക്കുന്ന ഒരു വിഭാഗം ആരാധകരെക്കൂടെ കാണാമായിരുന്നു. കളി പെനാള്‍ട്ടി ഷൂട്ടഔട്ടില്‍ എത്തിയതോടെ പിന്നെ പ്രദര്‍ശന വേദിയാകെ നിശബ്ദമായി. പിന്നീട് ഓരോ ഗോള്‍ വീഴുമ്പോഴും ആകാംഷയായി. മൂന്നാമത്തെ ഗോള്‍ ഫ്രാന്‍സിന് നഷ്ടമായതോടെ പിന്നെ പടക്കം പൊട്ടലും മേളവും തുടങ്ങി.

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തിലധികം പേരാണ് പേരാമ്പ്ര മിനിസിവില്‍ സ്റ്റേഷനോട് ചേര്‍ന്ന ബിഗ് സ്‌ക്രീന്‍ പ്രദര്‍ശന വേദിയില്‍ കളികാണാനെത്തിയത്. ദൂരസ്ഥലങ്ങളില്‍ നിന്നും പോലും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ധാരാളം പേര്‍ എത്തി. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇഷ്ട ടീമിന്റെ ജെഴ്‌സിയണിഞ്ഞും മുഖത്ത് ചായം തേച്ചുമാണ് വേദിയില്‍ ഇരുന്നത്. ഓരോഗോള്‍ വീഴുമ്പോളും അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും കൊടികള്‍ ഉയര്‍ന്നു പാറി. ഒടുക്കം അര്‍ജന്റീനയുടെ ടീമിന്റെ ആനന്ദ നൃത്തവും.

ആരവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ പേരാമ്പ്രയിടെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, യുവജന കമ്മീഷന്‍ അംഗം എസ്.കെ. സജീഷ്, സെകട്ടറി ഷിജു, എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി. ജനപ്രതിനിധികളായ പ്രിയേഷ്, മിനി പൊന്‍പറ, യു.സി.ഹനീഫ കോഡിനേറ്റര്‍ വി.ശ്രീനി, അഭിലാഷ് തിരുവോത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വീഡിയോ കാണാം: