അവധിക്കാലം ആഘോഷമാക്കാന്‍ ഫുട്‌ബോള്‍ പരിശീലനത്തിനൊരുങ്ങി വിദ്യാര്‍ത്ഥികള്‍; പേരാമ്പ്ര എ.യു.പി.സ്‌കൂളില്‍ ആറു ദിവസത്തെ ക്യാമ്പിന് തുടക്കമായി


പേരാമ്പ്ര: പേരാമ്പ്ര എ.യു.പി.സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നാലാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന് തുടക്കമായി. ഇന്ത്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വൈശാഖ് എസ്.ആര്‍. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പരിമിതികള്‍ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ ഏത് ലക്ഷ്യവും എത്തിപ്പിടിക്കാന്‍ പുത്തന്‍ തലമുറയ്ക്ക് നിഷ്പ്രയാസം കഴിയുമെന്ന് സ്വന്തം ജീവിതാനുഭവം ചൂണ്ടിക്കാണിച്ച് അംഗപരിമിതരുടെ ദേശീയ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ഡിസംബര്‍ 26 മുതല്‍ 31 വരെ പേരാമ്പ്ര എ.യു.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് പരിശീലനം നടക്കുക. പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

ചടങ്ങില്‍ പ്രധാനാധ്യാപിക കെ.പി മിനിടീച്ചര്‍, പി.ടി.എ പ്രസിഡന്റ് സുബീഷ് ടി, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ ബിനുഷ പ്രശാന്ത്, മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍, വിശ്വനാഥന്‍ ഇ, മധു പി.പി, സ്മിത എം.സി, സ്‌കൂള്‍ ലീഡര്‍ അന്‍ഷിവ് എന്നിവര്‍ സംസാരിച്ചു.