ഫുട്‌ബോള്‍ ആവേശം വീണ്ടും അറബ് മണ്ണിലേക്ക്; 2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ


സൂറിച്ച്: 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്ചയാണ്ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2022-ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഓസ്‌ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.

റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15 വമ്പന്‍ സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ഇതില്‍ മൂന്ന് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് നിലവിലെ രണ്ട് വലിയ സ്റ്റേഡിയങ്ങള്‍ പുതുക്കി പണിയും, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍ ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് വിപുലീകരിക്കും.

2026 ലെ ലോകകപ്പ് കാനഡ, മെക്‌സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്. 2027-ലെ വനിതാ ലോകകപ്പിന് ബ്രസീല്‍ ആതിഥ്യംവഹിക്കും. 2030-ലെ ലോകകപ്പ് മത്സരങ്ങള്‍ക്ക് സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യംവഹിക്കുമെന്നും ആഗോള ഫുട്ബോള്‍ ഫിഫ വ്യക്തമാക്കി. വെര്‍ച്വലായി നടന്ന ഫിഫ കോണ്‍ഗ്രസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

Summary: Football passion returns to Arab soil; 2034 FIFA World Cup in Saudi Arabia