ഖത്തര്‍ ലോകകപ്പിനെ ഉത്സവരാവുകളാക്കി മാറ്റാനൊരുങ്ങി പേരാമ്പ്രയിലെ ഫുട്ബോള്‍ ആരാധകരും; താരങ്ങളുടെ ഫ്ളക്സ് ബോര്‍ഡുകളും ജേഴ്‌സികളും ഒരുങ്ങിക്കഴിഞ്ഞു, ഇനി ആവേശത്തിന്റെ ആഘോഷത്തിന്റ നാളുകള്‍
പേരാമ്പ്ര: ഫുട്‌ബോള്‍ രാവുകള്‍ക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. പേരാമ്പ്രയിലെ ഗ്രാമ പ്രദേശങ്ങളും മലയോര മേഖലകളും ഫുട്‌ബോള്‍ ലഹരിയിലാണ്. ഇനി വരുന്ന നാളുകള്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉത്സവരാവുകളാക്കി മാറ്റാന്‍ പ്രദേശമാകെ ഒരുങ്ങിക്കഴിഞ്ഞു.
തെരുവുകളെല്ലാം സഹൃദയ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ വലിയ കട്ടൗട്ടുകളും ബാനറുകളുമായി നിറഞ്ഞു. ഇഷ്ട ടീമുകളുടെ പതാകയും ബാനറുകളും തൂക്കുന്നവരെ പാതിരാത്രി കഴിഞ്ഞും പ്രദേശങ്ങളിലെല്ലാം കാണാം.
ബ്രസീലും അര്‍ജന്റീനയും പോര്‍ചുഗലുമാണ് കൂടുതല്‍ ആരാധകരുള്ള ടീമുകള്‍. ഇഷ്ട ടീമുകള്‍ക്കുള്ള റോഡ് ഷോകളും വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു.
ഖത്തര്‍ ലോകകപ്പ് ഫുട്ബാള്‍ ബിഗ് സ്‌ക്രീനില്‍ കാണാനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര സിവില്‍ സ്റ്റേഷനു സമീപം പ്രത്യേകം വേദി ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ക്ലബ്ബുകള്‍ മറ്റ് സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിങ്ങനെയുള്ള പല ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ ലോകകപ്പ് ഒരുമിച്ചിരുന്ന കാണാനും ആവേശത്തോടെ മത്സര ലഹരി ആസ്വദിക്കാനും സൗകര്യം ഒരുക്കിക്കൊണ്ടിരിക്കുന്നുണ്ട്.
നവംബര്‍ 20 നാണ് ഖത്തര്‍ ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബര്‍ 18ന് മത്സരം അവസാനിക്കും.
summary: football fans in perambra are ready to celebrate the Qatar World Cup 2022