മെഡിക്കല്‍ ഷോപ്പിലെത്തിയത് രണ്ടുരൂപയുടെ ഗുളികവാങ്ങാന്‍, കൊയിലാണ്ടിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും സംഭാവന ബോക്‌സ് മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും സംഭാവന ബോക്‌സ് മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ വയോധികനാണ് സംഭാവന ബോക്‌സ് മോഷ്ടിച്ചുകൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

ശ്വാസംമുട്ടലിന് കഴിക്കുന്ന രണ്ട് രൂപയുടെ ഗുളികവാങ്ങാനെന്ന പേരിലാണ് ഇയാള്‍ കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിന് മുന്‍വശത്തുള്ള അഞ്ജന മെഡിക്കല്‍സിലെത്തിയത്. ഗുളിക വാങ്ങുന്നതിനിടെ തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ് എവിടെയാണ് നിര്‍ത്തുകയെന്ന് ചോദിച്ചിരുന്നതായി ജീവനക്കാരന്‍ പറയുന്നു. ജീവനക്കാരന്‍ ഗുളിക പൊതിയാനായി തിരിഞ്ഞുനിന്നപ്പോള്‍ ഇയാള്‍ മേശമേല്‍വെച്ച കവറിനൊപ്പം സംഭാവന ബോക്‌സ് കൂടി എടുക്കുകയായിരുന്നു.

കൊയിലാണ്ടിയില്‍ കണ്ടുപരിചയമുള്ള ആളല്ല ഇതെന്നാണ് ജീവനക്കാരന്‍ പറയുന്നത്. മോഷണം നടന്ന് കുറച്ചു സമയം കഴിഞ്ഞ് പുറത്തെന്തോ ആവശ്യത്തിന് പോയി തിരികെ വന്നപ്പോഴാണ് സംഭാവന ബോക്‌സ് അവിടെയില്ലല്ലോയെന്ന് ശ്രദ്ധിച്ചത്. തുടര്‍ന്നാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു.

Footage of donation boxes being stolen from a medical shop in Koyilandy