കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ; ഇടതുകാലിന് പകരം വലത് കാലില്‍ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി, പിഴവ് ഡോക്ടര്‍ അറിയുന്നത് രോഗി പറയുമ്പോള്‍


കോഴിക്കോട്: നാഷണല്‍ ഹോസ്പിറ്റലില്‍ കാലുമാറി ശസ്ത്രക്രിയ. കക്കോടി സ്വദേശിനി സജ്‌നയുടെ ഇടത് കാലിന് പകരം വലത് കാലില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് ആരോപണം ഇന്നലെയായിരുന്നു ശസ്ത്രക്രിയ. പിഴവ് ഡോക്ടര്‍ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോള്‍ മാത്രമാണ്.

തെറ്റ് പറ്റിയെന്ന് ഡോക്ടര്‍ ഏറ്റു പറഞ്ഞെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ആശുപത്രി ഓര്‍ത്തോ വിഭാഗം മേധാവി ഡോ. ബഹിര്‍ഷാന്‍ ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ഒരു വര്‍ഷത്തിലധികമായി 60 കാരിയെ ചികിത്സിക്കുന്നത് ഇതേ ഡോക്ടറാണ്. ചികിത്സാ പിഴവില്‍ ഡോക്ടര്‍ പി. ബഹിര്‍ഷാന്‍ വിശദീകരണം നല്‍കിയിട്ടില്ല. സജ്‌ന ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

ബി.പി ഉള്‍പ്പെടെയുള്ള രോഗാവസ്ഥയുള്ളതിനാല്‍ വേദനയുള്ള ഇടത് കാലിന് ശസ്ത്രക്രിയ ഇനി ഉടനെ നടത്താനുമാവില്ല. വലത് കാലിന് ചെറിയ പ്രശ്‌നം ഉള്ളത് കൊണ്ടാണ് സര്‍ജറിയെന്ന് ഡോക്ടര്‍ ആദ്യ ഘട്ടം ന്യായീകരിച്ചെങ്കിലും സ്‌കാനിങ് പോലും ചെയ്യാത്തതും കാല് ശുചിയാക്കാത്തതുമെല്ലാം ചൂണ്ടിക്കാട്ടി ഡോക്ടര്‍ക്ക് പിഴവ് വന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡി.എം.ഒയ്ക്കും ആരോഗ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍.