കാലിന്റെ പഴുപ്പിന് ഫോണിലൂടെ ചകിത്സ നൽകി; കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ അത്തോളി സ്വദേശി മരിച്ചതിൽ അന്വേഷണം


കോഴിക്കോട്: കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോ​ഗിക്ക് ഡോക്ടർ ചികിത്സ നൽകിയത് ഫോണിലൂടെയെന്ന് പരാതി. അത്തോളി സ്വദേശിയായ രോ​ഗി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ഡിഎംഒ നിർദേശിച്ചു. മേലേ എളേച്ചികണ്ടി പി.എം.രാജനാണ് (80) മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ഇടതു കാലിന്റെ വിരലുകൾക്കിടയിലെ പഴുപ്പു കൂടിയതോടെ ഗവ ജനറൽ (ബീച്ച്) ആശുപത്രിയിൽ ചികിത്സ തേടിയത്.

അടിയന്തരമായി സർജന്റെ സേവനം ലഭിക്കേണ്ടതിനാലാണ് രാജനെ അത്തോളിയിലെ സഹകരണ ആശുപത്രിയിൽ നിന്നു ബീച്ച് ആശുപത്രിയിലേക്കു റഫർ ചെയ്തത്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ രാജനെ വാർഡിലേക്ക് മാറ്റി. അവിടെ എത്തിയപ്പോൾ കാലിന്റെ മുറിവ് അഴിച്ചുനോക്കിയ ഹൗസ് സർജൻ അതിന്റെ ഫോട്ടോ എടുത്തു. ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ നോക്കുമെന്നും രാജന്റെ ഒപ്പമുണ്ടായിരുന്ന മകനോട് പറഞ്ഞു.

ആരോഗ്യ സ്ഥിതി കൂടുതൽ വഷളായതിനെ തുടർന്ന് പലതവണ നഴ്സിന്റെ മുറിയിൽ പോയി പറഞ്ഞിട്ടും ഡോക്ടർമാർ ഉൾപ്പെടെ ആരും വന്നില്ലെന്ന് രാജന്റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ഫോണിലൂടെ ഡോക്ടർ നിർദേശിച്ച പ്രകാരം ചികിത്സ നൽകുന്നുണ്ടെന്നും ഡോക്ടർ ഉടനെ വരുമെന്നും നഴ്സ് മറുപടി നൽകി. പുലർച്ചയോടെ ഡോക്ടറെത്തി ഇസിജി എടുക്കാൻ നിർദേശിച്ചപ്പോഴേക്കും രാജൻ മരിച്ചു കഴിഞ്ഞിരുന്നെന്നാണ് പരാതിയിൽ കുടുംബം ആരോപിക്കുന്നത്.

സംഭവത്തിൽ ബീച്ച് ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണത്തിനു ഡിഎംഒ നിർദേശിച്ചു. 5 ഡോക്ടർ‌മാർ അടങ്ങുന്ന സമിതി പരാതി അന്വേഷിക്കും. ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.