ഓണത്തിന് വിപണിയില്‍ കൃത്രിമം വേണ്ട; കോഴിക്കോട് ജില്ലയില്‍ വിപണികള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്


കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് വിപണിയില്‍ പോരായ്മകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ അനിലന്‍ അറിയിച്ചു. വിപണിയില്‍ ലഭ്യമായ അരി, പാല്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പായസം മിക്‌സ്, ശര്‍ക്കര, എണ്ണ എന്നിവ പരിശോധന നടത്തും.

ഹോട്ടല്‍ റെസ്റ്ററന്റ്, ബേക്കറി, ബോര്‍മകള്‍ എന്നിവ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട്-2006 പ്രകാരമുളള മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തനം നടത്തുന്നത് ഉറപ്പുവരുത്തുന്നതിന് ആഗസ്ത് 29 മുതല്‍ സെപ്തംബര്‍ 6 വരെ ജില്ലയില്‍ പ്രതിദിനം 3 സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തും.

എല്ലാ ഭക്ഷ്യോത്പന്ന വിതരണ സ്ഥാപനങ്ങളും ഓണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന താത്കാലിക സ്റ്റാളുകള്‍ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍/ ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.

ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം നിര്‍ബന്ധമായും പരിശോധിക്കുകയും ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടതുമാണ്. പായ്ക്ക് ചെയ്ത് വില്‍പന നടത്തുന്ന ഭക്ഷ്യവസ്തുക്കളില്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ ഉണ്ടായിരിക്കണം. ഓണാവധി ദിവസങ്ങളില്‍ പൊതുജനങളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ക്ക് നടപടി സ്വീകരിക്കാന്‍ സജ്ജമാണെന്ന് കമ്മീഷണര്‍ അറിയിച്ചു.

summary: food safty department with strict inspection in kozhikode district to avoid manipulation in market for onam