സാധനങ്ങളെത്തുന്നത് ഹോൾസെയിൽ മാർക്കറ്റുകളിൽ നിന്ന്, നൂർജഹാനും മട്ടയ്ക്കും വിലകൂടി, ചുവന്നമുളകിന്റെ വില മൂന്നൂറിനടുത്ത്; പേരാമ്പ്രയിലെ വിലനിലവാരം എങ്ങനെയെന്ന് നോക്കാം
പേരാമ്പ്ര: മലയാളികളുടെ പ്രധാന ഭക്ഷണ ഇനങ്ങളിലൊന്നാണ് ചോറ്. ചോറിനായി മട്ട, കുറുവ, പൊന്നി, ജയ തുടങ്ങി വിവിധ തരം അരികൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ അരി വിലയിലുണ്ടായ വർദ്ധനവാണ് ഇന്ന് പലയിടത്തും ചർച്ചാ വിഷയം. രണ്ട് മാസത്തിനിടെ ജയ, ജ്യോതി ഉൾപ്പെടെയുള്ളവയ്ക്ക് പത്ത് രൂപയുടെ വർദ്ധനവുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പേരാമ്പ്ര മേഖലയിലെ മാർക്കറ്റുകളിലെ അരിയുടെ വില എങ്ങനെയെന്ന് നോക്കാം.
കോഴിക്കോട് വലിയങ്ങാടിയെപോലെ ഹോൾസെയിൽ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വരുന്ന സ്ഥലമാണ് ഇന്ന് പേരാമ്പ്ര മാർക്കറ്റെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് ജനറൽ സെക്രട്ടറി ഒ.പി മുഹമ്മദ് പേരാമ്പ്ര ന്യൂസ് ഡോട് കമിനോട് പറഞ്ഞു. അതിനാൽ തന്നെ മാധ്യമങ്ങളിലെ വാർത്തകളിൽ പറയുന്ന തരത്തിലുള്ള വില വർദ്ധനവൊന്നും പേരാമ്പ്രയിലില്ല. ചില പ്രത്യേക വിഭാഗങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ബംഗാളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന നൂർജഹാൻ അരിയാണ് പേരാമ്പ്രയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള അരി. നൂർജഹാൻ അരിക്കാണ് വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. നേരത്തെ 27/28 രൂപയ്ക്ക് ലഭിച്ചിരുന്ന അരിക്ക് ഇപ്പോൾ 35 രൂപയാണ് വില.
ബംഗ്ലാദേശുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ അരിക്ക് ലഭ്യത കുറവുണ്ട്. ഇതാണ് വിലവർദ്ധനവിന് കാരണം.
കുറുവ, മട്ട അരിക്ക് രണ്ട് മാസത്തിനിടെ രണ്ടു, മൂന്ന് രൂപയോളമാണ് വർദ്ധനവ് വന്നിട്ടുള്ളത്. പൊന്നി അരിയാണെങ്കിൽ 38 ൽ നിന്ന് 39 രൂപയിലേക്ക് ഉയർന്നു.
ചിലതിന് വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അതേസമയം മറ്റുചിലതിന് വില കുറഞ്ഞിട്ടുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 140 രൂപയ്ക്ക് അടുത്തായിരുന്നു ഗ്രീൻപീസിന്റെ വില. അതിനിപ്പോൾ നേർപകുതിയോളമാണ് വില. നിവവിൽ ധാന്യവില ഉയർന്നു നിൽക്കുകയാണ്. ചെറുപയർ, കടല, ഉഴുന്നുപരിപ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾക്ക് പൊതുവേ വില ഉയർന്നാണുള്ളത്. ചുവന്നമുളകിനാണ് ഏറ്റവും കൂടുതൽ വില ഉയർന്നത്. 290 -ഓളം രൂപയാണ് മാർക്കറ്റിലിപ്പോൾ മുളകിന്റെ വില. മൂന്ന് മാസത്തിനുള്ളിൽ 145-ൽ നിന്നാണ് മുളകുവില പടിപടിയായി ഉയർന്ന് 290-ന് അടുത്തേക്ക് എത്തിയത്. ഉയർന്നുനിന്നിരുന്ന പാമോയിൽ, സൺഫ്ലവർ ഉൾപ്പെടെയുള്ളവയ്ക്ക് വില കുറഞ്ഞു. 160 രൂപ വിലയുണ്ടായിരുന്നവ 120-ലേക്ക് താഴ്ന്നു.
സാധനങ്ങളുടെ ലഭ്യത കുറവാണ് വിലവർദ്ധനവിന്റെ പ്രധാന കാരണം. സാധനങ്ങളുടെ ലഭ്യത കൂടുമ്പോൾ വിലയും കുറയാറുണ്ട്. അതിനാൽ അരി ഉൾപ്പെടെയുള്ളവയുടെ വില ഒരിക്കലും സ്ഥായിയായി നിൽക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രധാന നഗരങ്ങളിൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ആന്ധ്ര, തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ അതേ ഇടങ്ങളിൽ നിന്നാണ് പേരാമ്പ്രയിലും സാധനങ്ങളെത്തുന്നത്. അതിനാൽ വലിയങ്ങാടിയിൽ ലഭിക്കുന്ന അതേ വിലയിൽ പേരാമ്പ്ര മാർക്കറ്റിൽ സാധനങ്ങൾ ലഭ്യമാണ്. ഉത്പ്പാദന സ്ഥലത്തുനിന്ന് നേരിട്ടാണ് സാധനങ്ങൾ എത്തിക്കുന്നത്. ചിലത് മാത്രമേ അത്തരത്തിലല്ലാത്തതുള്ളു. അതും പെട്ടന്ന് തന്നെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.