പഴകിയ അൽഫാം ചിക്കൻ, മന്തി റൈസ്, വൃത്തിയില്ലായ്മ; പയ്യോളിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന, പിടിവീണത് മൂന്ന് ഹോട്ടലുകള്‍ക്ക്


പയ്യോളി: നഗരസഭാ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ പയ്യോളിയിലെ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. ടൗണിലെ പത്ത് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്നെണ്ണത്തിനാണ് പിടിവീണത്.

അജ്‌വ ഫാസ്റ്റ്‌ ഫുഡ്, പയ്യോളി ചിക്കൻ, ശബരി ഹോട്ടൽ എന്നവയ്ക്കാണ് നോട്ടീസ് നല്‍കിയത്.

അജ്‌വയില്‍ നിന്ന് പഴകിയ അൽഫാം ചിക്കനും മന്തി റൈസും പിടികൂടി. ഉള്ളി കഴുകാതെ പാചകത്തിനെടുക്കുന്നതായി വ്യക്തമായതോടെയാണ് പയ്യോളി ചിക്കന് നോട്ടീസ് കൊടുത്തത്. പരിശോധനയില്‍ ന്യൂനത കണ്ടെത്തിയതിനെതുടര്‍ന്ന് ശബരി ഹോട്ടല്‍ ഉടമയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നും ഭക്ഷണ സാധനങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ല. അടുക്കളയിൽ ചുമരിലും, പാത്രം കഴുകുന്ന സ്ഥലത്തും ടൈൽ പതിപ്പിച്ച് വൃത്തിയാക്കാത്തതിനും, പരിശോധന സമയത്ത് വെള്ളം പരിശോധിച്ചതിന്റെ രേഖകൾ ഹാജരാക്കാത്തതിനുമാണ് ഇവർക്ക് നോട്ടീസ് നൽകിയത്.

ഹെൽത്ത് ഇൻസ്പെക്ടർ ടി. ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.പി. പ്രകാശൻ , ഡി.ആർ. രജനി, സാനിറ്റേഷൻ വർക്കർ ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Summary: Food Inspection at Payyoli hotels and shops by the health department