ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ക്യാമ്പിൽ കഴിയുന്നവരെ വിഷമസ്ഥിതിയിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ; ജീവിച്ചിരിപ്പുണ്ടെങ്കിൽ ‘ഇഎംഐ തുക അടക്കണമെന്ന വാദം ഉന്നയിച്ച് സ്ഥാപനങ്ങൾ


കോഴിക്കോട് : ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ക്യാമ്പിൽ കഴിയുന്നവരെ വിഷമസ്ഥിതിയിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ. ഫോണിൽ വിളിച്ച് താങ്കൾ ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ചോദിക്കുന്നത്. ഉണ്ടെങ്കിൽ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെട്ടതായി മുണ്ടക്കൈ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ പറയുന്നു.

എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കിൽ ചെക്ക് ബൗൺസ് ആവുമെന്നാണ് സ്ഥാപനങ്ങൾ അറിയിച്ചത്. കൂടപ്പിറപ്പുകളും ഉള്ള സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ട് ഇനിയെന്തെന്ന് അറിയാതെ നിൽക്കുന്നവരോടാണ് ഇത്തരം ചോദ്യം എന്ന് ആലോചിക്കാൻ പോലും പറ്റാത്തതാണ്.

വയനാട് മുണ്ടക്കൈയിലും നാദാപുരം വിലങ്ങാടും ഉരുൾപൊട്ടലിനെ തുടർന്ന് ക്യാമ്പിലുള്ളത് ആയിരത്തിലധികം പേരാണ്. ഇതിൽ ഇ എം ഐ എടുത്തവർ നിരവധിയാണ്. പലരുടേയും ഈ മാസത്തെ തിരിച്ചടവ് മുടങ്ങിയതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് പണമിടപാട് സ്ഥാപനങ്ങളുടെ ഫോൺ എത്തും. എല്ലാം നഷ്ടപെട്ടവർക്ക് സർക്കാർ മാത്രമാണ് ഇനി ആശ്രയം.