‘നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ നിന്ന ചെറുപ്പക്കാരനായിരുന്നു”; ഓണാവധിക്ക് നാട്ടില്‍ എത്തി, തിരിച്ച് പോകാനിരിക്കെ ജീവന്‍ കവര്‍ന്ന് അപകടം, സുബീഷിന് വിട ചൊല്ലി വള്ളിക്കാട്
ചോറോട്: ”നാട്ടിലെ എല്ലാ പരിപാടിക്കും മുന്നില്‍ നിന്ന ചെറുപ്പക്കാരനായിരുന്നു…വല്ലാത്ത സങ്കടായി പോയി..! വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വള്ളിക്കാട് സ്വദേശി സുബീഷിനെ കുറിച്ച് വാര്‍ഡ് മെമ്പര്‍ സജിതകുമാരി പറഞ്ഞതാണിത്. വൈകുന്നേരം വരെ തങ്ങള്‍ക്കൊപ്പം കളിച്ച് ചിരിച്ച് നടന്ന പ്രിയ സുഹൃത്ത് ഇനിയില്ലെന്ന കാര്യം വിശ്വസിക്കാന്‍ ഇപ്പോഴും സുബീഷിന്റെ സുഹൃത്തുക്കള്‍ക്ക് സാധിച്ചിട്ടില്ല.
ഇന്നലെ വൈകുന്നേരം സുഹൃത്തുകള്‍ക്കൊപ്പം വീടിന് സമീപത്തെ വള്ളിക്കാട് ബാലവാടി മെയിന്‍ റോഡിന് സമീപത്ത് കൂടെ നടന്നു പോവുന്നതിനിടെയായിരുന്നു നിനച്ചിരിക്കാതെയുള്ള അപകടം. അമിത വേഗതയിലെത്തിയ ബോലേറോ ജീപ്പ് പെട്ടെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബീഷിനെ ഉടന്‍ തന്നെ നാട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നും ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സുബീഷിന് അപകടം സംഭവിക്കുമ്പോള്‍ ഭാര്യയും അമ്മയും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നു. അപകടം നടന്നയുടന്‍ തന്നെ ഇവര്‍ റോഡിലേക്ക് ഇറങ്ങി നോക്കിയെങ്കിലും അപ്പോഴേക്കും ആശുപത്രിയിലേക്ക് സുബീഷിനെയും കൊണ്ടു സുഹൃത്തുക്കള്‍ പോയിരുന്നു. പിന്നീട് അല്‍പ നേരം കഴിഞ്ഞാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.
സിആര്‍പിഎഫ് ജീവനക്കാരനായ സുബീഷ് നാട്ടിലെ റസിഡന്‍സ് അസോസിയേഷന്‍ പരിപാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികള്‍ക്കും മുന്നിലുണ്ടാവുമായിരുന്നു. ഓണാവധി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചുപോകാനാരിക്കെയാണ് അപ്രതീക്ഷിത മരണം.
ഭാര്യ: ഷിംന
മക്കൾ: അമാനി, അയോമിയ
അച്ഛന്‍: ടി.കെ.ബാലൻ
അമ്മ: കമല
സഹോദരങ്ങൾ: സുജേഷ് (ബഹറിൻ) പരേതനായ സുനീഷ്.
Description: Follow-up on the death of CRPF jawan vallikkad Subeesh