പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് അഞ്ചുവയസ്സുകാരി മരിച്ചു


കോഴിക്കോട്: പേവിഷ ബാധയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂരിലെ സിയ ഫാരിസയാണ് മരിച്ചത്. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.

മാർച്ച്‌ 29നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സല്‍മാൻ ഫാരിസിന്‍റെ മകള്‍ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയല്‍വാസിയായ റാഹിസിനും പരിക്കേറ്റു. മറ്റു അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു. മൂന്ന് മണിക്കൂറിനുള്ളില്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച്‌ പ്രതിരോധ വാക്സിൻ നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. തലയ്ക്ക് കടിയേറ്റതാണ് പ്രതിറോധ വാക്സീൻ ഫലിക്കാതിരിക്കാൻ കാരണമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതർ പറയുന്നത്. ഐ.ഡി.ആർ.വി വാക്സീനും, ഇമ്മ്യൂനോ ഗ്ലോബിനും കുട്ടിക്ക് നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ വ്യക്തമാക്കി. റാബീസ് വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. തലയ്ക്ക് കടിയേറ്റതിനാലാണ് പ്രതിരോധ വാക്സീൻ ഫലിക്കാതെ വന്നതെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. കുട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ കടിയേറ്റ മറ്റുള്ളവരും ആശങ്കയിലാണ്.

Summary: Five-year-old girl dies of rabies despite being vaccinated in Malappuram